
കാസര്‍ഗോഡ്: കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ തെരഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് നോഡൽ ഓഫീസറുടെ റിപ്പോർട്ട്. ശബരിമല വിഷയത്തിൽ തെറ്റിദ്ധാരണ പരത്തും വിധം പ്രചാരണം നടത്തിയെന്ന് കാണിച്ച് ഇടതുമുന്നണിയാണ് പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ തിങ്കളാഴ്ച പയ്യന്നൂർ മണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് എല്‍ഡിഎഫ് കാസര്‍ഗോഡ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ടിവി രാജേഷ് എംഎല്‍എ വരണാധികാരികൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. തെരഞെടുപ്പ് ചട്ട ലംഘനം നടന്നോ എന്നതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മണ്ഡലം നോഡൽ ഓഫീസർ കൂടെയായ എഡിഎമ്മിനും മീഡിയ മോണിറ്റിറിംഗ് കമ്മിറ്റിക്കും നിർദേശം നൽകിയിരുന്നു. നോഡൽ ഓഫീസർ നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ചട്ടം ലംഘനം നടന്നെന്ന് പറയുന്നത്.
''കലിയുഗ വരദാനാണ് ശബരിമല അയ്യപ്പന്‍. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ആ അയ്യപ്പനെ കാണാന്‍ ആരെങ്കിലും മാലയിട്ടാല്‍ അയാള്‍ അങ്ങനെയൊരു അധ്യാത്മിക തലത്തിലേക്ക് ഉയരണം. വ്രതമെടുക്കാതെ ശരണം വിളിക്കാതെ മാലയിടാതെ പതിനെട്ടാം പടി ചവിട്ടാതെ രണ്ട് പെണ്ണുങ്ങളെ കൊണ്ടു പോയി മലയില്‍ കയറ്റി. ഈ ദൃശ്യങ്ങള്‍ കണ്ട് എന്‍റെ ഭാര്യ നിലവിളിച്ചു. അവളുടെ അമ്മ മരിച്ചപ്പോള്‍ പോലും അവള്‍ അങ്ങനെ കരഞ്ഞിട്ടില്ല. ശബരിമലയില്‍ അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം തകര്‍ക്കാന്‍ മുഖ്യമന്ത്രി മുന്നിട്ടിറങ്ങിയതില്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് ദുഖമുണ്ട് അമര്‍ഷമുണ്ട്...'' ഇതായിരുന്നു ഉണ്ണിത്താന്‍റെ വാക്കുകള്‍.
മീഡിയ മോണിറ്റിറിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് കൂടെ ലഭിച്ച ശേഷം വിശദീകരണം തേടി ഉണ്ണിത്താന് നോട്ടീസ് നൽകാനാണ് നീക്കം. അതേസമയം സർക്കാർ നടപടി വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും തെരഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. വരണാധികാരി നോട്ടീസ് നൽകുന്ന മുറയ്ക്ക് വിശദീകരണം നൽകുമെന്നും ഇതോടെ വിവാദം അവസാനിക്കുമെന്നുമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതികരണം.