മോദി തരംഗം കാണാനില്ല; വീണ്ടും പ്രധാനമന്ത്രിയാവില്ലെന്ന് കമ്പ്യൂട്ടര്‍ ബാബ

By Web TeamFirst Published Apr 25, 2019, 1:00 PM IST
Highlights

നേരത്തെ, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ശിവ്‍രാജ് സിംഗ് ചൗഹാന്‍ അധികാരത്തില്‍ നിന്ന് താഴെ വിഴുമെന്നും കമ്പ്യൂട്ടര്‍ ബാബ പ്രവചിച്ചിരുന്നു. നരേന്ദ്ര മോദിയുടെ ജനന തീയതി അടിസ്ഥാനമാക്കിയാണ് തന്‍റെ പ്രവചനമെന്നാണ് കമ്പ്യൂട്ടര്‍ ബാബ പറയുന്നത്

ഭോപ്പാല്‍: രാജ്യത്ത് ഇത്തവണ മോദി തരംഗം എവിടെയുമില്ലെന്ന് ആള്‍ദെെവം കമ്പ്യൂട്ടര്‍ ബാബ. ഇത്തവണ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും നംദ്യോ ദാസ് ത്യാഗി എന്ന കമ്പ്യൂട്ടര്‍ ബാബ പ്രവചിച്ചു. നേരത്തെ, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ശിവ്‍രാജ് സിംഗ് ചൗഹാന്‍ അധികാരത്തില്‍ നിന്ന് താഴെ വിഴുമെന്നും കമ്പ്യൂട്ടര്‍ ബാബ പ്രവചിച്ചിരുന്നു.

നരേന്ദ്ര മോദിയുടെ ജനന തീയതി അടിസ്ഥാനമാക്കിയാണ് തന്‍റെ പ്രവചനമെന്നാണ് കമ്പ്യൂട്ടര്‍ ബാബ പറയുന്നത്. നേരത്തെ, ബിജെപിയിലൂടെയാണ് നംദ്യോ ദാസ് ത്യാഗി എന്ന കമ്പ്യൂട്ടര്‍ ബാബ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നത്. ശിവ്‍രാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സഹമന്ത്രി സ്ഥാനം നല്‍കിയ അഞ്ച് സന്യാസിമാരില്‍ ഒരാളായിരുന്നു കമ്പ്യൂട്ടര്‍ ബാബയും.

നര്‍മ്മദ നദി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള സംരക്ഷണ സമിതി അംഗമായി നിയമിച്ചതിലൂടെയാണ് സഹമന്ത്രി പദത്തിന് തുല്യമായ സ്ഥാനം ലഭിച്ചത്. എന്നാല്‍, ആറ് മാസത്തിന് ശേഷം കമ്പ്യൂട്ടര്‍ ബാബ രാജി പ്രഖ്യാപിക്കുകയായിരുന്നു. നർമദ നദിയുടെ സംരക്ഷണം, പശു സംരക്ഷണം തുടങ്ങിയവയ്ക്കായി നിരവധി പദ്ധതികൾ താൻ മുമ്പോട്ടു വെച്ചെന്നും ഒന്നും നടന്നില്ലെന്നും  ബിജെപി മതവിരുദ്ധ പാർട്ടിയാണെന്നും ആരോപിച്ചാണ് ബാബ രാജിവെച്ചത്.

പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മാ നര്‍മദ, മാ ക്ഷിപ്ര, മാ മന്ദാകിനി റിവര്‍ ട്രസ്റ്റിന്‍റെ ചെയര്‍മാനായി നിയമിച്ചിരുന്നു. കമ്പ്യൂട്ടറിന്‍റെ വേഗതയില്‍ ചിന്തിക്കുന്നതിനാലാണ് നംദ്യോ ദാസ് ത്യാഗിയെ കമ്പ്യൂട്ടര്‍ ബാബ എന്ന് അദ്ദേഹത്തിന്‍റെ അനുയായികള്‍ വിളിക്കുന്നത്. 

click me!