സസ്പെന്‍സ് അവസാനിച്ചു; മോദിക്കെതിരെ പ്രിയങ്ക വാരാണസിയില്‍ മത്സരിക്കില്ല

By Web TeamFirst Published Apr 25, 2019, 12:43 PM IST
Highlights

വാരാണസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അജയ് റായ് ആണ് വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി.

ഉത്തർപ്രദേശ്: വാരാണസിയിൽ നരേന്ദ്രമോദി - പ്രിയങ്ക ഗാന്ധി പോരാട്ടമെന്ന അഭ്യൂഹത്തിന് വിരാമം. പ്രധാനമന്ത്രിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല. പകരം കഴിഞ്ഞ തവണ മത്സരിച്ച അജയ് റായിയെത്തന്നെയാണ് വാരാണസിയിൽ കോൺഗ്രസ് രംഗത്തിറക്കുന്നത്.

നരേന്ദ്രമോദിക്കെതിരെ പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്നു. ഒടുവില്‍, കഴിഞ്ഞ തവണ മോദിക്കെതിരെ മത്സരിച്ച് മൂന്നാം സ്ഥാനത്ത് എത്തിയ അജയ് റായിയെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. 75,614 വോട്ടാണ് അജയ് റായ് കഴിഞ്ഞ തവണ തേടിയത്. ആകെ പോൾ ചെയ്ത വോട്ടിന്‍റെ ഏഴര ശതമാനം വോട്ട് മാത്രമായിരുന്നു അത്.

എന്തു കൊണ്ട് വാരാണസിയിൽ സ്ഥാനാര്‍ഥിയായിക്കൂടായെന്ന ചോദ്യം ഉന്നയിച്ച് പ്രിയങ്ക തന്നെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. മോദിക്കെതിരെ മല്‍സരിക്കാൻ ഒരുക്കമെന്ന് പ്രിയങ്ക നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കാനൊരുക്കമെന്ന് പലവട്ടം വ്യക്തമാക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രശ്നമല്ലെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്. എന്നാല്‍, രാഷ്ട്രീയത്തിൽ സജീവമായ ഉടൻ പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് സോണിയാ ഗാന്ധിക്ക് യോജിപ്പില്ലായിരുന്നുവെന്നാണ് സൂചന. 

തെരഞ്ഞെടുപ്പ് മത്സരം വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമാക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാട് രാഹുൽ ഗാന്ധിയും കൈക്കൊണ്ടെന്നാണ് വിവരം. അതേസമയം പൊതുജന സമ്മതിയുള്ള സ്ഥാനാര്‍ഥിയായി പ്രിയങ്ക ഇറക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആഗ്രഹം. എസ്പി - ബിഎസ്പി സഖ്യം പ്രിയങ്കയെ പിന്തുണയ്ക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പ്രതീക്ഷിച്ചു. പക്ഷേ മുന്‍ കോണ്‍ഗ്രസ് നേതാവിന്‍റെ മരുമകളായ ശാലിനി യാദവിനെ സഖ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഈ പ്രതീക്ഷ മങ്ങി.

മോദിക്കെതിരായ മത്സരത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രശ്നമല്ലെന്ന് പ്രിയങ്ക നിലപാട് എടുത്തെങ്കിലും തോല്‍വി ഉണ്ടായാൽ അത് ഭാവി രാഷ്ട്രീയത്തിൽ പ്രശ്നമാകുമെന്ന് അഭിപ്രായവും കോണ്‍ഗ്രസിലുണ്ടായി. യു പിയിൽ നഷ്ടപ്രതാപം വീണ്ടെടുക്കുകയെന്ന് ലക്ഷ്യത്തോടെയാണ് കിഴക്കൻ യു.പിയുടെ ചുമതല പ്രിയങ്കയ്ക്ക് നല്‍കിയത്.

click me!