Latest Videos

പ്രിയങ്ക വരില്ല; മോദിയെ നേരിടാനിറക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് ആരാണ്?

By Web TeamFirst Published Apr 25, 2019, 1:46 PM IST
Highlights

പിന്ദ്രയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അജയ് റായ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രാജ്യം ഉറ്റു നോക്കുന്ന വാരാണസിയിലെ തെരഞ്ഞെടുപ്പ് ചിത്രം ഇപ്പോഴാണ് പൂര്‍ണമായത്. 

വാരാണസി: അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പിന്ദ്രയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അജയ് റായ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2014-ലും അജയ്​ റായിയായിരുന്നു വാരാണസിയിലെ കോൺഗ്രസ്​ സ്ഥാനാർഥി. രാജ്യം ഉറ്റു നോക്കുന്ന വാരണസിയിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയുകയാണ്.

പ്രധാനമന്ത്രി രണ്ടാം വട്ടവും വാരാണസിയിൽ നിന്ന് മത്സരിക്കാനൊരുങ്ങുമ്പോൾ വിജയമുറപ്പിക്കുകയാണ്. കഴിഞ്ഞ തവണ അരവിന്ദ് കെജ്‍രിവാൾ എതിരെ മത്സരിച്ചപ്പോൾ മോദി വഡോദരയിൽ നിന്നു കൂടി ജനവിധി തേടിയിരുന്നു. ഇത്തവണ രണ്ടാം മണ്ഡലം മോദി തേടുന്നില്ല. മത്സരിക്കുന്നത് വാരാണസിയിൽ നിന്ന് മാത്രം. 

നരേന്ദ്ര മോദി വീണ്ടും വാരാണസിയില്‍ വോട്ട് തേടുമ്പോള്‍ ആരാണ് കോണ്‍ഗ്രസ് വേണ്ടി ജനവിധി തേടുന്നതെന്ന ചോദ്യം സജീവമായിരുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങിയ പ്രിയങ്ക ഗാന്ധി വാരണസിയിൽ മോദിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും നീണ്ടുനിന്ന സസ്പെന്‍സിനും ഒടുവിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം.

അഭ്യൂഹങ്ങള്‍ ഒടുവില്‍, കഴിഞ്ഞ തവണ മോദിക്കെതിരെ മത്സരിച്ച് മൂന്നാം സ്ഥാനത്ത് എത്തിയ അജയ് റായിയെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നിൽ, വാരാണസിയിലെ റായിയുടെ സ്വാധീനം തന്നെയാണ്. 75,614 വോട്ടാണ് അജയ് റായ് കഴിഞ്ഞ തവണ തേടിയത്. ആകെ പോൾ ചെയ്ത വോട്ടിന്‍റെ ഏഴര ശതമാനം വോട്ട് മാത്രമായിരുന്നു അത്. അരവിന്ദ്​ കെജ്​രിവാളായിരുന്നു തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത്​ എത്തിയത്​.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ശക്തനായ നേതാക്കളിലൊരാളാണ് അജയ് റായ്. ഉത്തർപ്രദേശിലെ ബ്രാഹ്മണ സമുദായമായ ഭൂമിഹാറിൽ നിന്നുള്ള നേതാവായ അജയ് റായിക്ക് സമുദായത്തിനുള്ളില്‍ ശക്തമായ സ്വാധീനം വോട്ടാക്കി മാറ്റാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. 

90-കളിൽ ബിജെപിയുടെ യുവമോർച്ചയിലൂടെയാണ് റായ് രാഷ്ട്രീയത്തിലിറങ്ങുന്നത്. 2009-ല്‍ ബിജെപി വിട്ട് അജയ് റായ് സമാജ് വാദി പാർട്ടിയിലും പിന്നീട് കോൺഗ്രസിലേക്കും ചുവടു മാറ്റി. രണ്ട് പാർട്ടികളിൽ നിന്ന് അഞ്ച് തവണയാണ് റായ് എംഎൽഎയായത്. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട അജയ് റായ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബിജെപിയിലെ മുരളി മനോഹര്‍ ജോഷിയോട് തോറ്റ് മൂന്നാമനായി. അവിടെ നിന്ന് കോൺഗ്രസിലേക്ക്. ഇപ്പോൾ മോദിക്കെതിരെ രണ്ടാം വട്ടം മത്സരിക്കാനൊരുങ്ങുന്ന അജയ് റായ് എത്ര വോട്ട് പിടിക്കും?

വാരാണസിയിൽ ഹിന്ദു വോട്ട് ബാങ്കിൽ മോദിയുടെ സ്വാധീനത്തിന് കാര്യമായ കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തമാണ്. പ്രിയങ്ക വന്നിരുന്നെങ്കിൽ ഇവിടത്തെ ന്യൂനപക്ഷ വോട്ട് ബാങ്ക് കോൺഗ്രസിലെത്തിയേനെ. എന്നാൽ സവർണ സമുദായാംഗമായ അജയ് റായിക്ക് ന്യൂനപക്ഷ വോട്ടുകൾ വീഴില്ല. മാത്രമല്ല, പ്രതിപക്ഷം ഒന്നിച്ചല്ല അണി നിരക്കുന്നതും. അതുകൊണ്ടുതന്നെ ഇത്തവണയും മോദിക്ക് റെക്കോഡ് ഭൂരിപക്ഷമാണ് പ്രതീക്ഷിക്കപ്പെടുന്നതും.

click me!