12 സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളായി; നാലിടത്ത് തർക്കം രൂക്ഷം

By Web TeamFirst Published Mar 16, 2019, 11:34 PM IST
Highlights

രൂക്ഷമായ തർക്കങ്ങൾക്കും ഗ്രൂപ്പ് പോരിനുമിടെ സംസ്ഥാനത്ത് ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ആയി. അതേസമയം വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അഭിപ്രായഭിന്നത തുടരുകയാണ്.

ദില്ലി: രൂക്ഷമായ തർക്കങ്ങൾക്കും ഗ്രൂപ്പ് പോരിനുമിടെ സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ദില്ലിയിൽ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായത്. പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 4 സീറ്റിന്‍റെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.

എന്നാൽ അതേസമയം വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അഭിപ്രായഭിന്നത തുടരുകയാണ്. ആദ്യം വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചിരുന്നതെങ്കിലും പിന്നീട് വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവും മാറ്റിവയ്ക്കുകയായിരുന്നു.

 കെ വി തോമസിന് എറണാകുളം സീറ്റ് നിഷേധിച്ചത് ആദ്യഘട്ട പട്ടികയിലെ അപ്രതീക്ഷിത തീരുമാനമായി. ഹൈബി ഈ‍ഡൻ എംഎൽഎ ആണ് എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി. ആലത്തൂരിൽ പി കെ ബിജുവിനെതിരെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യ ഹരിദാസ് സ്ഥാനാ‍ർത്ഥിയാകും. കേരളത്തിലെ കോൺഗ്രസിന്‍റെ സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് ഒറ്റ ഘട്ടമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതിരിക്കുന്നത്.

കോൺഗ്രസിന് ഏറ്റവും വിജയ സാദ്ധ്യത കണക്കാക്കുന്ന വയനാട് സീറ്റ് ടി സിദ്ദിഖിന് നൽകണമെന്ന് കഴിഞ്ഞ ദിവസം സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വയനാട് ഐ ഗ്രൂപ്പിന്‍റെ സിറ്റിംഗ് സീറ്റാണെന്നും ഷാനിമോൾ ഉസ്മാനോ കെ പി അബ്ദുൾ മജീദിനോ സീറ്റ് നൽകണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഒടുവിൽ കെ മുരളീധരൻ എംഎൽഎയും വയനാട് സീറ്റിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. വയനാട് സീറ്റിനെ ചൊല്ലി കടുത്ത ഗ്രൂപ്പ് തർക്കം ഇപ്പോഴും തുടരുകയാണ്.

വടകരയിൽ  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമായ വിദ്യാ ബാലകൃഷ്ണനെ ആദ്യഘട്ടത്തിൽ പരിഗണിച്ചതിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് കടുത്ത എതിർപ്പുണ്ടായി. ഇടത് സ്ഥാനാർത്ഥിയായി ശക്തനായ പി ജയരാജൻ മത്സരിക്കുന്ന വടകരയിൽ കരുത്തരായ സീനിയർ നേതാക്കൾ ആരെങ്കിലും മത്സരിക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഈ ആവശ്യം ഉയർന്നെങ്കിലും ഇക്കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല.

ഷാനിമോൾ ഉസ്മാനെയാണ് നേരത്തേ ആലപ്പുഴയിലേക്ക് പ്രധാനമായും പരിഗണിച്ചിരുന്നത്.  മുൻ ഡിസിസി പ്രസിഡന്‍റ് എ എ ഷുക്കൂറും ആലപ്പുഴയ്ക്കായി അവകാശവാദം ഉന്നയിച്ചിരുന്നു. ആലപ്പുഴയിൽ ഈഴവ സ്ഥാനാർത്ഥി വേണം എന്നും ആവശ്യവും ഉയരുന്നുണ്ട്. എ സമ്പത്തിനെതിരെ ആറ്റിങ്ങലിൽ ആര് മത്സരിക്കും എന്ന കാര്യത്തിലും മാരത്തൺ ചർച്ചക്ക് ശേഷവും തീരുമാനം എടുക്കാനായിട്ടില്ല. അടൂർ പ്രകാശ് എംഎൽഎയെയാണ് ആറ്റിങ്ങൽ സീറ്റിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്.

ഏറെ ചര്‍ച്ചയായെങ്കിലും ഉമ്മൻചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കളൊന്നും പട്ടികയിലില്ല. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും സംഘടാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് മാറി നിൽക്കുകയാണ്. കെ വി തോമസ് ഒഴികെയുള്ള സിറ്റിംഗ് എംപിമാരെ എല്ലാവരേയും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ നിലനിർത്തിയിട്ടുണ്ട്.

കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ: 

  • തിരുവനന്തപുരം:  ശശി തരൂര്‍ 
  • മാവേലിക്കര:  കൊടിക്കുന്നിൽ സുരേഷ്
  • പത്തനംതിട്ട: ആന്‍റോ ആന്‍റണി
  • എറണാകുളം: ഹൈബി ഈഡൻ
  • ഇടുക്കി:  ഡീൻ കുര്യാക്കോസ് 
  • തൃശൂര്‍:  ടി എൻ പ്രതാപൻ
  • ചാലക്കുടി: ബെന്നി ബെഹ്നാൻ
  • ആലത്തൂർ: രമ്യ ഹരിദാസ് 
  • പാലക്കാട്:  വി കെ ശ്രീകണ്ഠൻ 
  • കോഴിക്കോട്: എം കെ രാഘവൻ
  • കണ്ണൂര്‍:  കെ സുധാകരൻ 
  • കാസര്‍കോട്:  രാജ്മോഹൻ ഉണ്ണിത്താൻ
click me!