കാസര്‍കോട് പിടിക്കാന്‍ അപ്രതീക്ഷിത പ്രഖ്യാപനം; ബാലികേറാമലയല്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

By Web TeamFirst Published Mar 16, 2019, 10:42 PM IST
Highlights

കേരളത്തില്‍ യുഡിഎഫ് അനുകൂലമായ വികാരമാണുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ കേരളം വോട്ട് ചെയ്യുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍

ദില്ലി: വടകരയില്‍ പി ജയരാജനെ നേരിടാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എത്തുമെന്ന് തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയ ശേഷം പല അവസരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. ഐ സുബ്ബറേയുടെ പേരിന് ഏറ്റവും പ്രാധാന്യം ലഭിച്ചപ്പോള്‍ പല ഘട്ടത്തിലും ഷാനിമോള്‍ ഉസ്മാന്‍റെയും ടി സിദ്ധിഖിന്‍റെയും പേരുകള്‍  കാസര്‍കോട് പരിഗണിക്കപ്പെട്ടു.

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പട്ടിക പുറത്ത് വന്നപ്പോള്‍ ഇടത് കോട്ട പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെ. തലശേരിയില്‍ 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണനെതിരെ മികച്ച പോരാട്ടം നടത്തിയ ചരിത്രവുമായാണ് വീണ്ടും മലബാറിന്‍റെ രാഷ്ട്രീയ ഭൂമിയിലേക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ എത്തുന്നത്.

പി കരുണാകരന് പകരം കാസര്‍കോട് ഇത്തവണ സിപിഎം നിയോഗിച്ചിരിക്കുന്നത് മണ്ഡലത്തില്‍ സുപരിചിതനും ജനകീയനുമായ പി സതീഷ് ചന്ദ്രനെയാണ്. കാസര്‍കോട് ഒരിക്കലും കോണ്‍ഗ്രസിന് ബാലികേറാമലയല്ലെന്നും അവിടെ വിജയിക്കാവുന്നതേയുള്ളുവെന്നുമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്.

40,000 വോട്ടിന് മുകളില്‍ ലീഡ് ഉണ്ടായിരുന്ന തലശേരിയില്‍ അത് പതിനായിരത്തിലേക്ക് കൊണ്ടു വരാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. 2009ല്‍ രമേശ് ചെന്നിത്തല പറയുന്നത് കേട്ട് പാലക്കാട് മത്സരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എം ബി രാജേഷ് ഇരിക്കുന്ന സ്ഥലത്ത് താന്‍ വരുമായിരുന്നു.

അന്ന് കൊല്ലത്ത് മത്സരിക്കണമെന്നത് ആഗ്രഹമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി തന്നെ ഒരു നിയോഗം ഏല്‍പ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ യുഡിഎഫ് അനുകൂലമായ വികാരമാണുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ കേരളം വോട്ട് ചെയ്യും.

കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെുത്താക്കി കാസര്‍കോട് മാറ്റാന്‍ തനിക്കാകും. കൃപേഷിന്‍റെയും ശരത്തിന്‍റെയും കൊലപാതകം അവിടുത്തെ ജനങ്ങളെ വല്ലാതെ വേദനിപ്പിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം അവിടെ ആകെ ഇളക്കി മറിച്ചു. 

ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്ക് ഇത്തവണ താന്‍ പോവുകയാണ്. 50 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമാണിത്. മലബാറുകാര്‍ക്ക് തന്നോട് സ്നേഹമുണ്ട്. തന്‍റെ ജീവിതം തുറന്ന പുസ്തകമാണ്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയക്കാരനല്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 

click me!