പശ്ചിമബംഗാളിൽ ഇടത് - കോൺഗ്രസ് കൂട്ടുകെട്ട് പൊട്ടിത്തെറിയിലേക്ക്

By Web TeamFirst Published Mar 17, 2019, 9:01 AM IST
Highlights

കോൺഗ്രസ് സീറ്റിൽ സിപിഎം എങ്ങനെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതെന്ന്  ബംഗാൾ പിസിസി അദ്ധ്യക്ഷൻ. ഹൈക്കമാന്റ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും ഹൈക്കമാന്റ് അനുവദിച്ചാൽ ഒറ്റക്ക് മത്സരിക്കുമെന്നും സോമന്‍ മിത്ര

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ കോൺഗ്രസ് - ഇടത് കൂട്ടുകെട്ട് പൊട്ടിത്തെറിയിലേക്ക്. ധാരണകൾ മറികടന്ന് സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് മര്യാദകേടായെന്ന് കോൺഗ്രസ് പശ്ചിമ ബംഗാൾ പിസിസി അദ്ധ്യക്ഷൻ സോമൻ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 42 ൽ 25 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം സിപിഎം പ്രഖ്യാപിച്ചിരുന്നു. 

കോൺഗ്രസ് ആവശ്യപ്പെട്ട പുരുളിയ, ബാഷിർഹട്ട് മണ്ഡലങ്ങൾ സിപിഐക്കും ഫോർവേഡ് ബ്ളോക്കിനുമായി സിപിഎം നൽകിയതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം. കഴിഞ്ഞ നിയമസഭാ കെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപക്ഷവും സഖ്യത്തിലാണ് മത്സരിച്ചത്. സിപിഎമ്മിന് 20 ശതമാനത്തോളം വോട്ടും കോൺഗ്രസിന് 12 ശതമാനം വോട്ടും കിട്ടി. ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ എതിർക്കുകയും കൂടുതൽ സീറ്റ് പിടിക്കുകയുമായിരുന്നു ഇത്തവണ കോൺഗ്രസ്-ഇടത് സഖ്യത്തിന്റെ ലക്ഷ്യം.

എന്നാൽ പ്രഥമികമായ ധാരണകൾ പോലും സിപിഎം അംഗീകരിക്കുന്നില്ലെങ്കിൽ സഖ്യം വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്.  തീരുമാനിച്ച സീറ്റിന്റെ കാര്യത്തിൽ ഇനിയൊരു ചർച്ചക്ക് ഇല്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. തർക്കത്തിൽ ഹൈക്കമാന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബംഗാൾ കേൺഗ്രസ്. രാഹുൽഗാന്ധി അനുവദിച്ചാൽ തനിച്ച് മത്സരിക്കാനാണ് നീക്കം.

click me!