
ദില്ലി: വോട്ടെടുപ്പിന് തൊട്ട് മുമ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രകടനപത്രികകള്‍ പുറത്തിറക്കുന്ന നടപടി അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2014ല്‍ തെരഞ്ഞെടുപ്പ് ദിവസം പ്രകടനപത്രിക പുറത്തിറക്കിയ ബിജെപി നീക്കത്തെ പരോക്ഷമായി പരാമര്‍ശിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിശ്ശബ്ദപ്രചരണ സമയത്ത് പ്രകടനപത്രികകള്‍ പുറത്തിറക്കുന്നത് പുതിയ ഭേദഗതി പ്രകാരം പെരുമാറ്റച്ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ദിവസമാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. അന്ന് ഇത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കമാണ് ഇതെന്നും തെരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍, പെരുമാറ്റച്ചട്ടത്തില്‍ പ്രകടനപത്രിക പുറത്തിറക്കുന്നതിനെപ്പറ്റി പരാമര്‍ശങ്ങള്‍ ഇല്ലാത്തതിനാല്‍ ബിജെപിക്കെതിരെ നടപടിയൊന്നുമുണ്ടായില്ല.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. നിശ്ശബ്ദ പ്രചരണ സമയത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അഭിപ്രായപ്രകടനം നടത്തുകയോ അഭിമുഖം അനുവദിക്കുകയോ ചെയ്യരുതെന്നും രാഷ്ട്രീയനേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താരപ്രചാരകരടക്കം ഈ സമയത്ത് മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദേശം. 2017ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിനില്‍ക്കേ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി പ്രാദേശിക മാധ്യമങ്ങള്‍ക്ക് അഭിമുഖം അനുവദിച്ചത് അന്ന് ഏറെ വിവാദമായിരുന്നു.