'മലപോലെ വന്നത് എലി പോലെ പോയി'; കോൺഗ്രസിന്‍റെ അഴിമതി ആരോപണം തള്ളി ബിജെപി

By Web TeamFirst Published Mar 22, 2019, 5:07 PM IST
Highlights

കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത് വ്യാജരേഖയാണെന്നും യെദ്യൂരപ്പയുടെ ഡയറി നുണകളുടെ വലയാണെന്നും രവിശങ്കർ പ്രസാദ് പറ‌ഞ്ഞു. തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് കോൺഗ്രസ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. 

ദില്ലി: യെദ്യൂരപ്പയുടെ ഡയറിയെച്ചൊല്ലി ബിജെപിക്കെതിരെ കോൺഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം പച്ചക്കള്ളമെന്ന് ബിജെപി. കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത് വ്യാജരേഖയാണെന്നും യെദ്യൂരപ്പയുടെ ഡയറി നുണകളുടെ വലയാണെന്നും ബിജെപി നേതാവും കേന്ദ്ര നിയമമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറ‌ഞ്ഞു. തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് കോൺഗ്രസ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കോൺഗ്രസ് ഉന്നയിച്ച ആരോപണം മല പോലെ വന്ന് എലി പോലെ പോയെന്നാണ് ബിജെപിയുടെ പരിഹാസം. ഡയറിയിലെ കൈപ്പട പരിശോധിക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.

ദുർബലമായ ആരോപണമായതുകൊണ്ടാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്താതിരുന്നതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. അഴിമതിക്കേസിൽ കുടുങ്ങി ജാമ്യത്തിലിറങ്ങിയത് കോൺഗ്രസ് നേതാക്കളാണ്
. സിദ്ധരാമയ്യയുടെ വിശ്വസ്തന്‍റെ ഡയറിയിൽ രാഹുൽ ഗാന്ധിക്ക് പണം നൽകിയെന്ന വെളിപ്പെടുത്തലുണ്ടായിരുന്നുവെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു

ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായി 'കാരവൻ' മാസിക വെളിപ്പെടുത്തിയിരുന്നു. പണം നൽകിയത് മുഖ്യമന്ത്രി പദം കിട്ടാനാണ് എന്നാന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജെയ്റ്റ്‍ലി, ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവര്‍ക്ക് കോഴ നൽകിയതായാണ് ആരോപണം.

ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപിക്കെതിരെ യെദ്യൂരപ്പയുടെ ഡയറി ആയുധമാക്കി കോൺഗ്രസ് ബിജെപിക്കെതിരെ വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.  സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രഥമ ലോക്പാല്‍ സംഭവം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മുതൽ താഴെയുള്ള നേതാക്കൾക്കെതിരെ വരെ അന്വേഷണം നടത്തേണ്ട സാഹചര്യമാണ് ഇതെന്നും കോണ്‍ഗ്രസ് വിശദമാക്കുന്നു. 

click me!