2019-ൽ കോൺഗ്രസിന്‍റെ പ്രചാരണവാചകം - 'അബ് ഹോഗാ ന്യായ്'

Published : Apr 07, 2019, 04:22 PM IST
2019-ൽ കോൺഗ്രസിന്‍റെ പ്രചാരണവാചകം - 'അബ് ഹോഗാ ന്യായ്'

Synopsis

'പാർട്ടിയുടെ ന്യായ് എന്ന പദ്ധതിയെ മാത്രമല്ല, രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കുന്നതാണ് ഈ പ്രചാരണവാചകം.' - കോൺഗ്രസ് വ്യക്തമാക്കി. ബിജെപി 'മേം ഭീ ചൗകീദാർ' എന്ന മുദ്രാവാക്യവുമായാണ് രംഗത്തിറങ്ങുന്നത്. 

ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് പടക്കളത്തിലിറങ്ങുക. രാജ്യത്ത് നടക്കുന്ന 'അന്യായ'ത്തിന് മറുപടിയുമായി ന്യായം നിങ്ങൾക്ക് ലഭിക്കാൻ കോൺഗ്രസിന് വോട്ടു ചെയ്യൂ എന്ന ആഹ്വാനമാണ് കോൺഗ്രസിന്‍റേത്. 

ദരിദ്രജനവിഭാഗങ്ങൾക്ക് പ്രതിവർഷം 72,000 കോടി രൂപ വരുമാനം ഉറപ്പ് നൽകുന്ന രാഹുൽ ഗാന്ധിയുടെ അഭിമാനപദ്ധതിയായ  'ന്യായി'നെക്കൂടി ഉൾപ്പെടുത്തിയതാണ് കോൺഗ്രസിന്‍റെ പ്രചാരണവാചകം. ഈ പദ്ധതി ഉയർത്തിക്കാട്ടി തന്നെയാകും കോൺഗ്രസിന്‍റെ ഇത്തവണത്തെ പ്രചാരണമെന്ന് വക്താവ് രൺദീപ് സിംഗ് സുർജേവാല വ്യക്തമാക്കി. 

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് കോൺഗ്രസ് പ്രചാരണഗാനം എഴുതിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന 'പിഎം നരേന്ദ്രമോദി' എന്ന സിനിമയിൽ ഗാനമെഴുതിയതായി വ്യാജപ്രചാരണം നടത്തിയെന്ന് ജാവേദ് അക്തർ ആരോപിച്ചിരുന്നു. സിനിമയുടെ പോസ്റ്ററിൽ ഗാനരചയിതാവായി ജാവേദ് അക്തറിന്‍റെ പേര് നൽകിയിരുന്നു. 'കൽ ഹോ ന ഹോ' എന്ന സിനിമ സംവിധാനം ചെയ്ത നിഖിൽ അദ്വാനിയാണ് പ്രചാരണഗാനത്തിന്‍റെ സംവിധായകൻ. പെർസെപ്റ്റ് എഡ്‍ജ് എന്ന കമ്പനിയാണ് കോൺഗ്രസിന്‍റെ പ്രചാരണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി. 

കോൺഗ്രസിന്‍റെ പ്രചാരണഗാനം ഇതാണ്:

രാഹുൽ ഗാന്ധിയുടെ 'ചൗകീദാർ ചോർ ഹേ' എന്ന ആരോപണത്തിന് ബദലായാണ് 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണവാചകവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും എത്തിയത്. ഇതിന്‍റെ ഭാഗമായി എല്ലാ കേന്ദ്രമന്ത്രിമാരും ദേശീയ ബിജെപി നേതാക്കളും സാമൂഹ്യമാധ്യമങ്ങളിൽ പേരിന്‍റെ ആദ്യഭാഗത്ത് 'ചൗകീദാർ' എന്ന് ചേർത്തിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?