ജോസഫ് മാണി തര്‍ക്കം; മൂന്ന് സീറ്റിനെ ബാധിക്കുമെന്ന് കോൺഗ്രസ്, യുഡിഎഫിനെ വട്ടം കറക്കി മാണി

By Web TeamFirst Published Mar 14, 2019, 11:53 AM IST
Highlights

ജോസഫ് മാണി തര്‍ക്കം കയ്യും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് കോൺഗ്രസ് നേതാക്കൾ. തര്‍ക്കം തുടരുകയും ജോസഫിനെ ഒഴിവാക്കി സ്വന്തം നിലയ്ക്ക് കെഎം മാണി മുന്നോട്ട് പോകുകയും ചെയ്താൽ അത് മൂന്ന് സീറ്റിലെങ്കിലും വിജയത്തെ ബാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കേരളാ കോൺഗ്രസിലുടലെടുത്ത തര്‍ക്കം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് യുഡിഎഫിനുണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ. മദ്ധ്യകേരളത്തിൽ വേരുറപ്പുള്ള പ്രധാന ഘടകകക്ഷി പിളര്‍പ്പിലേക്ക് നീങ്ങിയപ്പോൾ അത് മൂന്ന് സീറ്റിലെങ്കിലും വിജയ സാധ്യതയെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട പിജെ ജോസഫിനെ ഒഴിവാക്കി കെഎം മാണി തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെന്ന് മാത്രമല്ല, ഉൾപ്പാര്‍ട്ടി തര്‍ക്കം പോലും അവഗണിച്ച് പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയുമാണ്. കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഇടത് മുന്നണി മുന്നോട്ട് പോകുമ്പോൾ കേരളാ കോൺഗ്രസിനകത്തെ പ്രതിസന്ധി കോട്ടയത്ത് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. 

കോട്ടയത്ത് മാത്രമല്ല സമീപ ജില്ലകളായ ഇടുക്കിയിലും പത്തനംതിട്ടയിലും കേരളാ കോൺഗ്രസിനകത്തെ തര്‍ക്കം വോട്ടെടുപ്പിനെയും വിജയ സാധ്യതയെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളെയും യുഡിഎഫ് നേതൃത്വത്തെയും കോൺഗ്രസ് ഹൈക്കമാന്‍റിനെയും ഒക്കെ കോട്ടയത്തെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുമുണ്ട്. 

തെര‍ഞ്ഞെടുപ്പിന് മുൻപ് ഉടലെടുത്ത പ്രതിസന്ധിയിൽ കഴിഞ്ഞ ദിവസം മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഏകെ ആന്‍റിണി അടക്കമുള്ളവര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയതായാണ് വിവരം. കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുത്തായാലും പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന നിലപാട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ കെഎം മാണിയെ പിണക്കി മുന്നോട്ട് പോകുന്നതും ബുദ്ധിയല്ലെന്നാണ് പൊതുവെയുള്ള വികാരം. 

കേരളാ കോൺഗ്രസ് തര്‍ക്കത്തിൽ  ഹൈക്കമാന്‍റും അതൃപ്തരാണ്. ജോസഫ് മാണി തർക്കത്തെ തുടർന്നുള്ള സാഹചര്യങ്ങൾ കേരള സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി വിശദമായി ചോദിച്ചറിഞ്ഞിട്ടുണ്ട്. തർക്കം തീർക്കണമെന്ന് ഒരേ സ്വരത്തിൽ എല്ലാവരും ആവശ്യപ്പെടുമ്പോഴും പേരിനൊരു ഫോർമുല പോലും മുന്നോട്ട് വയ്ക്കാനില്ലാത്ത സാഹചര്യവും യുഡിഎഫ് കോൺഗ്രസ് നേതൃത്വങ്ങളെ അലട്ടുകയാണ്. 

അതേസമയം കോൺഗ്രസ് നേതാക്കളും മുന്നണി നേതൃത്വവും മുൻകയ്യെടുത്ത് നടത്തുന്ന ചർച്ചയിൽ മാത്രമാണ് പിജെ ജോസഫ് പ്രതീക്ഷ അർപ്പിക്കുന്നത്. സ്ഥാനാർത്ഥിത്വത്തിൽ  ഉണ്ടായ മോഹഭംഗം ജോസഫിനെയും ജോസഫ് വിഭാഗം നേതാക്കളെയും ആകെ ഉലച്ച സാഹചര്യത്തിൽ ഇനിയെന്തെന്ന വലിയ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുകയാണ് കേരളത്തിലെ യുഡിഎഫ്.

 

 

click me!