പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ്‌ ദേവഗൗഡയും മകനും കൊച്ചുമകനും ; രാഷ്ട്രീയനാടകമെന്ന്‌ ബിജെപി

Published : Mar 14, 2019, 11:40 AM IST
പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ്‌ ദേവഗൗഡയും മകനും കൊച്ചുമകനും ; രാഷ്ട്രീയനാടകമെന്ന്‌ ബിജെപി

Synopsis

അദ്ദേഹം കരയുന്നത്‌ കണ്ടതോടെ വേദിയിലുണ്ടായിരുന്ന രേവണ്ണയും പ്രജ്വലും കരച്ചില്‍ തുടങ്ങി. മൂന്നുപേരുടേയും കൂട്ടകരച്ചില്‍ വേദിയിലുണ്ടായിരുന്ന മറ്റ്‌ നേതാക്കള്‍ ഏറെ പണിപ്പെട്ടാണ്‌ സമാധാനിപ്പിച്ചത്‌.


ബംഗളൂരു: പാര്‍ട്ടിയില്‍ കുടുംബവാഴ്‌ച്ചയാണെന്ന ആരോപണം സഹിക്കാനാവാതെ പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ്‌ ജനതാദള്‍ നേതാവ്‌ എച്ച്‌ ഡി ദേവഗൗഡയും മകനും കൊച്ചുമകനും. രണ്ട്‌ കൊച്ചുമക്കളെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാനുള്ള തീരുമാനത്തിനെതിരെ ജനരോഷം ശക്തമായ പശ്ചാത്തലത്തിലായിരുന്നു പൊതുവേദിയിലെ വികാരനിര്‍ഭര രംഗങ്ങള്‍. എന്നാല്‍, ഈ പൊട്ടിക്കരച്ചില്‍ നാടകമാണെന്ന്‌ പരിഹസിച്ച്‌ ബിജെപി രംഗത്തെത്തി.

കര്‍ണാടകയിലെ മാണ്ഡ്യ, ഹസന്‍ ലോക്‌സഭാ മണ്ഡലങ്ങളിലാണ്‌ ദേവഗൗഡയുടെ കൊച്ചുമക്കളായ നിഖില്‍ കുമാരസ്വാമിയും പ്രജ്വല്‍ രേവണ്ണയും മത്സരിക്കുന്നത്‌. കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയുടെ മകനാണ്‌ നിഖില്‍. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി എച്ച്‌ ഡി രേവണ്ണയുടെ മകനാണ്‌ പ്രജ്വല്‍. ഇരുവരുടെയും സ്ഥാനാര്‍ഥിത്വത്തിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നത രൂക്ഷമാണ്‌. 

ദേവഗൗഡയെയും മക്കളെയും കൊച്ചുമക്കളെയും കുറിച്ച്‌ മാധ്യമങ്ങള്‍ രാവിലെ മുതല്‍ തന്നെ അപവാദപ്രചരണം നടത്തുകയാണെന്ന്‌ പറഞ്ഞ് കൊണ്ടാണ്‌ ദേവഗൗഡ വികാരാധീനനായത്‌. അദ്ദേഹം കരയുന്നത്‌ കണ്ടതോടെ വേദിയിലുണ്ടായിരുന്ന രേവണ്ണയും പ്രജ്വലും കരച്ചില്‍ തുടങ്ങി. മൂന്നുപേരുടേയും കൂട്ടകരച്ചില്‍ വേദിയിലുണ്ടായിരുന്ന മറ്റ്‌ നേതാക്കള്‍ ഏറെ പണിപ്പെട്ടാണ്‌ സമാധാനിപ്പിച്ചത്‌. '60 വര്‍ഷമായി ഞാന്‍ മാണ്ഡ്യയിലെ ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നു. അവരാണ്‌ പറയുന്നത്‌ എന്റെ കൊച്ചുമകന്‍ നിഖില്‍ സ്ഥാനാര്‍ഥിയാകരുതെന്ന്‌, അവനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌. ഞാനല്ല സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്‌. പാര്‍ട്ടിയംഗങ്ങള്‍ കൂടിച്ചേര്‍ന്നെടുന്ന തീരുമാനമാണ്‌ അത്‌.' ദേവഗൗഡ പിന്നീട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

അതേസമയം, ദേവഗൗഡയും മകനും കൊച്ചുമകനും ചേര്‍ന്ന്‌ കാഴ്‌ച്ചവച്ചത്‌ ഈ തെരഞ്ഞെടുപ്പിലെ ആദ്യ രാഷ്ട്രീയ നാടകമാണെന്ന്‌ ബിജെപി പരിഹസിച്ചു. കരച്ചില്‍ ഒരു കലയാണെങ്കില്‍ ദേവഗൗഡയും കുടുംബവും അതില്‍ റെക്കോഡ്‌ സൃഷ്ടിച്ചവരാണ്‌ എന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്‌. 

കാലങ്ങളായി ദേവഗൗഡ മത്സരിച്ചു വന്ന മണ്ഡലമാണ്‌ ഹസന്‍. മാണ്ഡ്യയാവട്ടെ നടിയും അന്തരിച്ച എം പി അംബരീഷിന്റെ ഭാര്യയുമായ സുമലതയുടെ രാഷ്ട്രീയ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായ മണ്ഡലമാണ്‌. കോണ്‍ഗ്രസിനോട്‌ സുമതല മാണ്ഡ്യ സീറ്റ്‌ ആവശ്യപ്പെട്ടെങ്കിലും അത്‌ ജെഡിഎസിന്‌ നല്‍കാനാണ്‌ കോണ്‍ഗ്രസ്‌ തീരുമാനിച്ചത്‌. ഇതേത്തുടര്‍ന്നുള്ള വിവാദങ്ങളും മാണ്ഡ്യയില്‍ കൊടുമ്പിരി കൊള്ളുകളാണ്‌. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?