എംഎൽഎ മുതൽ യുഡിഎഫ് കൺവീനര്‍ വരെ; കെവി തോമസിന് മുന്നിൽ മോഹന വാഗ്ദാനങ്ങളുമായി കോൺഗ്രസ്

By Web TeamFirst Published Mar 17, 2019, 12:07 PM IST
Highlights

ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനെ അനുനയിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് കോൺഗ്രസ് നേതൃത്വം. ഹൈബി ഈഡൻ ലോക് സഭയിലേക്ക് പോകുമ്പോകൾ ഒഴിവു വരുന്ന എംഎൽഎ സ്ഥാനം മുതൽ മോഹന വാദ്ഗാനങ്ങളുടെ വലിയൊരു നിരയുണ്ട് കെ വി തോമസിന് മുന്നിൽ 

ദില്ലി: ലോക് സഭാ സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനെ അനുനയിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഒരു പിടി വാഗ്ദാനങ്ങളാണ് ഹൈക്കമാന്‍റ് കെവി തോമസിന് മുന്നിൽ വയ്ക്കുന്നത്. എറണാകുളത്ത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഹൈബി ഈഡൻ പാര്‍ലമെന്‍റിലേക്ക് എത്തുന്ന മുറയ്ക്ക് എറണാകുളത്തെ എംഎൽഎ സ്ഥാനമാണ് കെവി തോമസിന് മുന്നിലെ ഒരു വാഗ്ദാനം. 

എഐസിസി ഭാരവാഹിത്വമാണ് മറ്റൊരു വാഗ്ദാനം.കോൺഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് അടക്കം പദവികൾ ഉണ്ട്. കെവി തോമസിന് കൂടി സ്വീകാര്യമായ ഒരു പദവി നൽകി സംഘടനാ സംവിധാനത്തിൽ നിലനിര്‍ത്താനാണ് ഹൈക്കമാന്‍റ് ശ്രമം. യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് കെവി തോമസിനെ പരിഗണിക്കാമെന്നും കോൺഗ്രസ് നേതൃത്വം പറയുന്നുണ്ട്. എന്നാൽ ഒരു ഓഫറും തൽക്കാലം മുന്നോട്ട് വയ്ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് കെ വി തോമസ്. സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷ നൽകി കോൺഗ്രസ് നേതൃത്വം അപമാനിച്ചു എന്ന വികാരമാണ് കെവി തോമസിന് ഉള്ളത്. 

ഹൈക്കമാന്‍റ് നേരിട്ടും നേതാക്കൾ ഇടപെട്ടും ചര്‍ച്ചകൾ ഏറെ നടക്കുന്നുണ്ടെങ്കിലും കെവി തോമസ് വഴങ്ങാത്ത സാഹചര്യത്തിൽ സോണിയാ ഗാന്ധി നേരിട്ട് പ്രശ്നത്തിലിടപെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 

Read More: കെ വി തോമസിനെ ഉന്നമിട്ട് ബിജെപി, നീക്കം ടോം വടക്കന്‍റെ നേതൃത്വത്തിൽ; തടയിടാൻ സോണിയ

click me!