കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും; വയനാട്ടിൽ നിന്ന് പട്ടിക വേണ്ടെന്ന് കെപിസിസി

By Web TeamFirst Published Mar 4, 2019, 6:28 AM IST
Highlights

സിറ്റിങ് എം പിമാരായ ശശി തരൂര്‍, കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, കെ വി തോമസ്, എം കെ രാഘവൻ, ആൻറോ ആൻറണി എന്നിവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകൾ ഇന്ന് തുടങ്ങും. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ അവകാശവാദവുമായി എത്തിയതോടെ പട്ടിക നല്‍കേണ്ടതില്ലെന്ന്, വയനാട് ജില്ല കോണ്‍ഗ്രസ് കമ്മറ്റിയോട് കെപിസിസി നിര്‍ദേശിച്ചു. മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചെങ്കിലും വടകരയില്‍ നിന്ന് മറ്റാരുടേയും പേര് ഡിസിസി നിര്‍ദേശിച്ചിട്ടില്ല.

സിറ്റിങ് എം പിമാരായ ശശി തരൂര്‍, കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, കെ വി തോമസ്, എം കെ രാഘവൻ, പത്തനംതിട്ട ഡിസിസിയില്‍ എതിര്‍പ്പുകളുണ്ടെങ്കിലും ആൻറോ ആൻറണി എന്നിവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി. ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന നിലപാടില്‍ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടരുന്നുണ്ടെങ്കിലും വടകരയിൽ നിന്ന് മറ്റാരുടേയും പേര് ഡിസിസി നല്‍കിയിട്ടില്ല. മാത്രവുമല്ല മുല്ലപ്പള്ളി മത്സരിക്കണമെന്നതാണ് പൊതു നിലപാടും. 

കഴിഞ്ഞ തവണ കോണ്‍ഗ്രസ് തോറ്റ എട്ട് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് ഇടത്ത് ഇത്തവണ പുതിയ സ്ഥാനാർ‍ഥികളെ കണ്ടെത്തണം. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന വയനാട് സീറ്റിനായി വൻ നിര രംഗത്തുണ്ട്. എം എം ഹസന്‍, ഷാനിമോൾ ഉസ്മാന്‍, ടി സിദ്ദിഖ്, വിവി പ്രകാശ്, കെ സി അബു തുടങ്ങിവരാണ് രംഗത്തുള്ളത്. ഇതില്‍ ടി സിദ്ദിഖിനാണ് കൂടുതല്‍ സാധ്യത എന്നാണ് സൂചന. കാസര്‍കോഡ് ജില്ലാ കമ്മറ്റി നൽകിയ പട്ടികയില്‍ ഡിസിസി അധ്യക്ഷൻ ഹക്കിം കുന്നിൽ, എ പി അബ്ദുള്ളക്കുട്ടി, സുബ്ബയ്യറായ് എന്നിവരാണുള്ളത്. 

കെ സുധാകരനേയും സതീശൻ പാച്ചേനിയേയുമാണ് കണ്ണൂരില്‍ പരിഗണിക്കുന്നത്. വി കെ ശ്രീകണ്ഠൻ, എം ചന്ദ്രൻ എന്നിവരെ പാലക്കാടും സുനില്‍ ലാലൂര്‍, സുധീര്‍ പള്ളുരുത്തി, കെ എ തുളസി എന്നിവരെ ആലത്തൂരും പരിഗണിക്കുന്നു. വി എം സുധീരൻ, ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ എന്നിവരുടെ പേരുകള്‍ തൃശൂര്‍ ചാലക്കുടി മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. 

കെ പി ധനപാലനാണ് ചാലക്കുടി മണ്ഡലത്തില്‍ പരിഗണിക്കുന്ന മറ്റൊരു വ്യക്തി. ഡീൻ കുര്യാക്കോസ്, ഡോ നിജി ജസ്റ്റിൻ എന്നിവര്‍ തൃശൂരില്‍ നിന്നുള്ള പട്ടികയിലുണ്ട്. ഡീൻ കുര്യാക്കോസ്, റോയ് കെ പൗലോസ്, മാത്യു കുഴൽനാടൻ എന്നിവരുടെ പട്ടികയാണ് ഇടുക്കി ജില്ലാകമ്മറ്റി നല്‍കിയത്. 

എം എല്‍ എമാരെ പരിഗണിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെങ്കിലും ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് അടൂര്‍ പ്രകാശിന്‍റെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് വനിതകള്‍ പട്ടികയിലുണ്ടെങ്കിലും സീറ്റ് കിട്ടുമോ എന്നതില്‍ അനിശ്ചിതത്വമുണ്ട്. പട്ടികകള്‍ പരിഗണിച്ചശേഷം ഇന്നു ചേരുന്ന യോഗം ഹൈക്കമാന്‍റുമായുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി പിരിയാനാണ് സാധ്യത.

click me!