കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം; വയനാട് ഡിസിസി പട്ടിക നല്‍കേണ്ടെന്ന് കെപിസിസി

By Web TeamFirst Published Mar 3, 2019, 7:12 PM IST
Highlights

കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റായാണ് വയനാടിനെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടയുള്ളവര്‍ സീറ്റിനായി രംഗത്തുണ്ട്. എം എം ഹസന്‍, ഷാനിമോൾ ഉസ്മാന്‍ , ടി സിദ്ദിഖ് , വി വി പ്രകാശ് , കെ സി അബു തുടങ്ങി വൻ നിരയാണ് വയനാട് നോട്ടമിട്ട് രംഗത്തുള്ളത്. 

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നാളെ തുടങ്ങാനിരിക്കെ, വയനാട് ഡിസിസി പട്ടിക നല്‍കേണ്ടതില്ലെന്ന് കെപിസിസി തീരുമാനം. മുതിര്‍ന്ന നേതാക്കളടക്കം പലരും സീറ്റിൽ അവകാശം ഉന്നയിച്ചതോടെയാണിത്. പത്തനംതിട്ടയില്‍ ആന്റോ ആൻറണി എംപിയെ ഒഴിവാക്കി പട്ടിക നല്‍കാനുള്ള നീക്കം ഉണ്ടായെങ്കിലും, കെപിസിസി നിര്‍ദേശം പാലിച്ച് പട്ടിക നല്‍കിയിട്ടില്ല.

കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റായാണ് വയനാടിനെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടയുള്ളവര്‍ സീറ്റിനായി രംഗത്തുണ്ട്. എം എം ഹസന്‍ , ഷാനിമോൾ ഉസ്മാന്‍ , ടി സിദ്ദിഖ് , വി വി പ്രകാശ് , കെ സി അബു തുടങ്ങി വൻ നിരയാണ് വയനാട് നോട്ടമിട്ട് രംഗത്തുള്ളത്. 

മറ്റു പല നേതാക്കളും സീറ്റിനായി സമ്മര്‍ദം ചെലുത്തുമുണ്ട്. ഈ സാഹചര്യത്തിലാണ് വയനാട് നിന്ന് പട്ടിക നല്‍കേണ്ടതില്ലെന്ന് കെപിസിസി നിര്‍ദേശിച്ചത്. പകരം തെരഞ്ഞെടുപ്പ് സമിതി പേരുകള്‍ നിര്‍ദേശിക്കും. മൂന്നംഗ പട്ടിക നല്‍കാനാണ് ജില്ല കോണ്‍ഗ്രസ് കമ്മറ്റികളോട് നിർദേശിച്ചിട്ടുള്ളതെങ്കിലും തൃശൂര്‍ , ചാലക്കുടി മണ്ഡലങ്ങളില്‍ നിന്ന് മൂന്നിലധികം പേരുകളാണ് ഇപ്പോള്‍ പട്ടികയിലുള്ളത്. 

തൃശൂരില്‍ വി എം സുധീരൻ , ബെന്നി ബഹനാന്‍ , ടി എൻ പ്രതാപൻ , ഡീൻ കുര്യാക്കോസ് , ഡോ നിജി ജസ്റ്റിന്‍ , ചാലക്കുടിയിൽ വി എം സുധീരൻ , ബെന്നി ബഹനാൻ , ടി എൻ പ്രതാപൻ , കെ പി ധനപാലൻ എന്നിവരുടെ പേരുകളാണ് കെപിസിസിക്ക് നല്‍കുന്നത്. എംഎല്‍എമാരെ പരിഗണിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെങ്കിലും ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് അടൂര്‍ പ്രകാശിന്‍റെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. 

ജില്ല കോണ്‍ഗ്രസ് കമ്മറ്റികള്‍ നല്‍കുന്ന പട്ടികയില്‍ ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തിയാകും പട്ടിക എഐസിസിക്ക് കൈമാറുക. മല്‍സര രംഗത്തില്ലെന്ന് നിലപാടില്‍ മുല്ലപ്പള്ളി രാമചന്ദ്രൻ തുടരുമ്പോഴും അദ്ദേഹം തന്നെ വടകരയില്‍ മൽസരിക്കണമെന്നാണ് പാര്‍ട്ടിയുടെ പൊതു നിലപാട്. സിറ്റിങ് എംപിമാരുള്ളിടങ്ങളില്‍ നിന്ന് പട്ടിക നല്‍കേണ്ടതില്ലെന്ന നിര്‍ദേശം കെ പി സി സി നല്‍കിയിട്ടുണ്ടെങ്കിലും പത്തനംതിട്ട സീറ്റ് ആൻറോ ആൻറണിക്ക് നല്‍കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. 

ഡിസിസി പ്രഡിസിഡൻറ് ബാബു ജോര്‍ജ് , മുൻ ഡിസിസി പ്രസിഡൻറ് മോഹൻ രാജ്, മുൻ എം എല്‍ എ ശിവദാസൻ നായര്‍ എന്നിവരുടെ പേരുകള്‍ നിര്‍ദേശിക്കണമെന്ന് എ ഗ്രൂപ്പ് നിലപാടടെുത്തപ്പോള്‍ ആൻറോ ആൻറണിയുടെ പേരിനൊപ്പം എ ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പട്ടിക നല്‍കണമെന്നായിരുന്നു ഐ ഗ്രൂപ്പിന്‍റെ നിലപാട്.

click me!