ദേവഗൗഡയ്ക്കെതിരെയും കോണ്‍ഗ്രസ് വിമതന്‍; തലവേദന ഒഴിയാതെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം

By Web TeamFirst Published Mar 26, 2019, 12:15 PM IST
Highlights

ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയ്ക്കെതിരെ  എംപിയും വിമത കോണ്‍ഗ്രസ് നേതാവുമായ എസ് പി മുദ്ദഹനുമെഗൗഡ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ബെംഗളൂരു: സീറ്റ് വിഭജനത്തെത്തുടര്‍ന്നുണ്ടായ തലവേദന ഒഴിയാതെ കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം. ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയ്ക്കെതിരെ  എംപിയും കോണ്‍ഗ്രസ് നേതാവുമായ എസ് പി മുദ്ദഹനുമെഗൗഡ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്.

ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ധാരണപ്രകാരം തുങ്കൂര്‍ സീറ്റില്‍ ദേവഗൗഡയെ മത്സരിപ്പിക്കാനാണ് തീരുമാനം. അതേ സീറ്റിലാണ് നിലവിലെ എംപിയായ മുദ്ദഹനുമെഗൗഡ ഇപ്പോള്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. "ഞാന്‍ തമാശയ്ക്ക് വേണ്ടിയല്ല പത്രിക സമര്‍പ്പിച്ചത്. ഞാനാണ് തുങ്കൂറില്‍ നിന്നുള്ള എംപി, അതുകൊണ്ട് തന്നെ ഞാന്‍ മത്സരിക്കുന്നുണ്ട്." പത്രിക സമര്‍പ്പിച്ച ശേഷം മുദ്ദഹനുമെഗൗഡ പ്രതികരിച്ചു. കോണ്‍ഗ്രസ് തനിക്ക് തുങ്കൂറില്‍ സീറ്റ് നല്‍കുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയപാര്‍ട്ടിയായ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് ഉപമുഖ്യമന്ത്രി കൂടിയായ ജി.പരമേശ്വര ദേവഗൗഡയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ ജെഡിഎസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞത്. 'കഴിഞ്ഞകാലം മറക്കണം. നമ്മള്‍ ഇപ്പോള്‍ ഒന്നാണ്, സഖ്യസര്‍ക്കാരും രൂപീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പും നമ്മള്‍ ഒന്നിച്ചു നേരിടണം' എന്നാണ് പരമേശ്വര പറഞ്ഞത്.

കര്‍ണാടകയില്‍ ജെഡിഎസ് എട്ട് സീറ്റുകളിലും കോണ്‍ഗ്രസ് 20 സീറ്റുകളിലും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. എന്നാല്‍, ജെഡിഎസിന് ആറ് സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന അഭിപ്രായമുള്ള കോണ്‍ഗ്രസുകാര്‍ നിരവധിയാണ്. ഇരുകൂട്ടരും സഖ്യം ചേര്‍ന്നതിനെ എതിര്‍ക്കുന്നവരും ധാരാളമുണ്ട്. ഈ അസ്വാരസ്യങ്ങളുടെ തെളിവാണ് മാണ്ഡ്യയിലും ഹസനിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുമലതയെ പിന്തുണയ്ക്കുമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം അടക്കം നിലപാടെടുത്തതും ഈ സാഹചര്യത്തിലാണ്. ഇതിനു പിന്നാലെയാണ് തുങ്കൂറിലും കോണ്‍ഗ്രസ് വിമതന്‍ രംഗത്തെത്തിയിരിക്കുന്നത്. 

click me!