
ഭോപ്പാൽ: കോൺഗ്രസുക്കാർ തന്നെ വളരെയധികം വെറുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ ചിലപ്പോൾ സ്വപ്നം കാണുന്നത് പോലും തന്നെ കൊല്ലുന്നതായിരിക്കുമെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഒന്നോർക്കണം ഇന്ത്യയിലെ ജനങ്ങൾ തനിക്ക് വേണ്ടിയാണ് സ്നാനം ചെയ്യുന്നത്. എല്ലാ തലത്തിലും കോൺഗ്രസ് എന്നത് സത്യസന്ധതയില്ലാത്തൊരു പാർട്ടിയാണ്. രാജഭരണവും അഴിമതിയും പ്രചരിപ്പിക്കുന്നതിൽ മാത്രമാണ് അവർ സത്യസന്ധത കാണിക്കാറുള്ളത്. രാജ്യത്ത് വികസന പ്രവർത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ദൗത്യത്തിലാണ് ബിജെപി. എന്നാൽ കോൺഗ്രസ് പ്രവർത്തിക്കുന്നത് ന്യൂ ജനറേഷൻ നാടുവാഴികൾക്ക് വേണ്ടിയാണെന്നും മോദി പറഞ്ഞു.
കോൺഗ്രസിലെ ആർക്കും തന്നെ പ്രധാനമന്ത്രിയാകാനുള്ള പ്രാപ്തിയില്ല, എന്തിനധികം പറയണം പ്രതിപക്ഷ നേതാവാകാനുള്ള പ്രാപ്തി പോലും ആർക്കുമില്ല. ഒരേ കുടുംബത്തിന്റെ 55 വർഷത്തെ ഭരണമാണോ അതോ ചായ്‍വാലയുടെ 55 മാസത്തെ ഭരണമാണോ വേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കട്ടേയെന്നും മോദി പറഞ്ഞു.
വികസന പദ്ധതികൾ പിന്നോട്ട് വലിക്കുന്ന സംസ്ക്കാരമാണ് കോൺഗ്രസിന്റേത്. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ ജനങ്ങൾ ഏറ്റവും അധികം ബുദ്ധിമുട്ടിയത് കുടിവെള്ളത്തിനായിരുന്നു. കാരണം കുടിവെള്ള പദ്ധതികളൊന്നും തന്നെ കോൺഗ്രസ് വേഗത്തിൽ നടപ്പാക്കിയിരുന്നില്ലെന്നും മോദി ആരോപിച്ചു.