
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ചോദ്യം ചെയ്തുളള കോൺഗ്രസിന്‍റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മോദിയും അമിത് ഷായും വിവിധ തെരഞ്ഞെടുപ്പ് റാലികൾക്കിടെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് എംപി സുഷ്മിത ദേവ് കേസിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
രാജീവ് ഗാന്ധിക്കു എതിരായ മോദിയുടെ പരാമർശത്തിലും കമ്മീഷൻ നടപടി എടുത്തില്ല എന്ന് ഹർജിക്കാരി കോടതിയിൽ ചൂണ്ടിക്കാട്ടും. ഏറ്റവുമൊടുവില്‍ രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
ഒമ്പത് തവണയാണ് മോദിക്കെതിരെ പ്രതിപക്ഷപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഒമ്പത് തവണയും മോദിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. ബാലാകോട്ട് ആക്രമണത്തിന്‍റെ പേര് പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ചതിനും, ന്യൂനപക്ഷ ശക്തിയുള്ള മേഖലയിലേക്ക് രാഹുൽഗാന്ധി ഒളിച്ചോടിയെന്ന പരാമർശത്തിന്‍റെ പേരിലുമടക്കം പരാതി നൽകിയിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇതിനെതിരെയാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ തന്നെ രണ്ട് പരാതികളിൽക്കൂടി മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻചിറ്റ് നൽകി. കഴിഞ്ഞ ദിവസം ബാലാകോട്ട് മിന്നലാക്രമണത്തെ പരാമര്‍ശിച്ച് പ്രസംഗിച്ച സംഭവത്തിലും വോട്ടെടുപ്പ് ദിവസം അഹമ്മദാബാദിൽ റോഡ് ഷോ നടത്തിയെന്ന പരാതിയിലും മോദിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു.
പ്രധാനമന്ത്രി തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്നും കോൺഗ്രസ് ഹർജിയിൽ ആരോപിക്കുന്നു. സമാനമായ വാദങ്ങളാകും ഇന്ന് കോടതിയിൽ കോൺഗ്രസ് ഉന്നയിക്കുക.