ബിഹാറിൽ വോട്ടെടുപ്പിന് എത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ ഹോട്ടൽ മുറിയിൽ

By Web TeamFirst Published May 7, 2019, 11:50 PM IST
Highlights

ഇന്നലെ നടന്ന അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിനായി നൽകിയ യന്ത്രങ്ങളാണ് പോളിംഗ് ബൂത്തിന് സമീപമുള്ള ഹോട്ടലിൽ നിന്ന് പിടിച്ചത്. ഒരു കണ്ടോൾ യൂണിറ്റും 2 ബാലറ്റ് യൂണിറ്റും 2 വിവിവി പാറ്റ് യന്ത്രങ്ങളുമാണ് സെക്ടർ ഉദ്യോഗസ്ഥന്റെ കയ്യിലുണ്ടായിരുന്നത്

മുസാഫര്‍പൂര്‍: ബിഹാറിലെ മുസാഫർപൂരിൽ ഹോട്ടൽ മുറിയിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ പിടിച്ചെടുത്തു. കേടാകുന്ന യന്ത്രങ്ങൾക്ക് പകരം ഉപയോഗിക്കാൻ നൽകിയ യന്ത്രങ്ങളാണ് സെക്ടർ ഉദ്യോഗസ്ഥനിൽ നിന്ന് പിടിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്നലെ നടന്ന അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിനായി നൽകിയ യന്ത്രങ്ങളാണ് പോളിംഗ് ബൂത്തിന് സമീപമുള്ള ഹോട്ടലിൽ നിന്ന് പിടിച്ചത്.

ഒരു കണ്ടോൾ യൂണിറ്റും 2 ബാലറ്റ് യൂണിറ്റും 2 വിവിവി പാറ്റ് യന്ത്രങ്ങളുമാണ് സെക്ടർ ഉദ്യോഗസ്ഥനായ അവ്ധേഷ് കുമാറിന്റെ പക്കലുണ്ടായിരുന്നത്. വോട്ടിംഗ് യന്ത്രങ്ങൾ ഒരു സുരക്ഷയുമില്ലാതെ ഹോട്ടലിൽ കണ്ടതോടെ പ്രതിഷേധവുമായി നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും എത്തി. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യന്ത്രങ്ങൾ പിടിച്ചെടുത്തു.

കടുത്ത അച്ചടക്ക ലംഘനം നടത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി തുടങ്ങിയതായും ജില്ലാ കളക്ടർ അറിയിച്ചു. ബിഹാറിലെ മുസാഫിർപൂർ, മധുബനി അടക്കം അഞ്ചിടത്താണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണ അഞ്ചിൽ നാലിടത്തും ജയിച്ചത് ബിജെപി സഖ്യം. വോട്ടെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണത്തിന് , ഈ സംഭവത്തോടെ പ്രതിപക്ഷം മൂർച്ച കൂട്ടി. അതിനിടെ ലക്നൗവിൽ പോളിംഗ് അവസാനിക്കുന്നതിന് മുന്പേ വിവിപാറ്റ് യന്ത്രങ്ങൾ ഒരു സുരക്ഷയുമില്ലാതെ ലോറിയിൽ കയറ്റി കൊണ്ടുപോയതായും ആരോപണമുയർന്നിട്ടുണ്ട്.

click me!