കോൺഗ്രസ് അധികാരത്തിൽ വരില്ലെന്ന് മമത ബാനർജി

By Web TeamFirst Published Apr 10, 2019, 5:18 PM IST
Highlights

ന്യൂനപക്ഷത്തിന്റെ വോട്ട് നേടാൻ വെസ്റ്റ് ബംഗാളിൽ ബിജെപിയെ വളർത്തിയത് മമത ബാനർജിയാണെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ കൂടി സഹായമുണ്ടെങ്കിലേ കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ സാധിക്കൂവെന്നും അവർ പറഞ്ഞു.

ബിജെപിയുടെ തോൽവി ഉറപ്പിച്ചതാണ്. എന്നാൽ കോൺഗ്രസിന് അധികാരം കിട്ടില്ല. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ കൂടി സഹായം കോൺഗ്രസിന് ആവശ്യമായി വരും.  അതേസമയം കോൺഗ്രസ് നന്നായി പ്രവർത്തിച്ചിരുന്നുവെങ്കിൽ ബിജെപി ഒരിക്കലും വളരില്ലായിരുന്നുവെന്നും അവർ പറഞ്ഞു.

എന്നാൽ ബിജെപിയുടെ വളർച്ചയ്ക്ക് കാരണം കോൺഗ്രസല്ല, മറിച്ച് മമത ബാനർജി തന്നെയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ന്യൂനപക്ഷത്തിന്റെ വോട്ടുകൾ ലക്ഷ്യമിട്ട് മമത ബാനർജിയാണ് ബംഗാളിൽ ബിജെപിയെ വളർത്തിയതെന്നായിരുന്നു കോൺഗ്രസ് പിസിസി അദ്ധ്യക്ഷൻ സോമൻ മിത്രയുടെ പ്രതികരണം.

സംസ്ഥാനത്ത് കോൺഗ്രസിനെ തളർത്താൻ മമത ബാനർജിയുടെ പാർട്ടിക്കാർ ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ബിജെപിയെ എതിരിടുന്നത് കോൺഗ്രസാണെന്ന് അവർ മറന്നു. തന്റെ ഭൂതകാലം എന്തായിരുന്നുവെന്നെങ്കിലും അവർ ഓർക്കണം എന്ന് കോൺഗ്രസ് എംഎൽഎ അബ്ദുൾ മന്നൻ പറഞ്ഞു.

മുൻപ് 2001 ൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അന്ന് ബിജെപിയുടെ സഖ്യകകക്ഷിയായിരുന്ന മമത ബാനർജി സഖ്യവിട്ട് കോൺഗ്രസിനൊപ്പം ചേർന്നിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണ്ണമായും പരാജയപ്പെട്ട അവർ വീണ്ടും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇക്കുറി ബിജെപിക്കെതിരെ ആഞ്ഞടിച്ച മമത, രാമക്ഷേത്രം നിർമ്മിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങൾ പൊള്ളത്തരമാണെന്ന് കുറ്റപ്പെടുത്തി.

click me!