പത്താം ക്ലാസ് തോറ്റ സ്ഥാനാർത്ഥിക്ക് ആസ്‌തി 102.33 കോടി

By Web TeamFirst Published Apr 10, 2019, 4:56 PM IST
Highlights

ശിവസേന നേതാവായ ബർനെ മണ്ഡലത്തിലെ സിറ്റിങ് എംപിയാണ്

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾ ഏറ്റവും ഉറ്റുനോക്കുന്നത് സ്ഥാനാർത്ഥികളുടെ ആസ്തിയും ബാധ്യതയുമാണ്. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് രണ്ടാമതായിരിക്കും. എന്നാൽ സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസമോ സമ്പത്തോ ജയപരാജയങ്ങളെ നിശ്ചയിക്കാറുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ലെന്ന് തന്നെയാകും.

എങ്കിലും സ്ഥാനാർത്ഥികളുടെ ആസ്തിയും വിദ്യാഭ്യാസവും ജനങ്ങൾ വളരെ കൗതുകത്തോടെ നോക്കാറുണ്ട്. മികച്ച വിദ്യാഭ്യാസം നേടിയാൽ ഉയർന്ന ജോലിയും മെച്ചപ്പെട്ട ജീവിത നിലവാരവും ഉണ്ടാകുമെന്നാണ് സാധാരണക്കാരുടെ പ്രതീക്ഷ. അതിനാൽ തന്നെ വിദ്യാഭ്യാസത്തിന് വളരെയേറെ പ്രാധാന്യം സാധാരണക്കാർ നൽകാറുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ ആർക്കെങ്കിലും മത്സരിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതകൾ തടസമേയല്ല. അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുമുണ്ട്.

മഹാരാഷ്ട്രയിലെ മാവൽ ലോക്സഭാ മണ്ഡലത്തിൽ ശിവസേന നേതാവായ ശ്രീരംഗ് ബർനെയാണ് സിറ്റിങ് സ്ഥാനാർത്ഥി. അദ്ദേഹം തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കിയത് തന്റെ പേരിൽ 102.33 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ്. ഏറെയും ഭൂസ്വത്തുക്കളാണ്. അതേസമയം സഹകരണ ബാങ്കിൽ നിന്നും സൊസൈറ്റികളിൽ നിന്നും വായ്പയായെടുത്ത 4.16 ലക്ഷം രൂപയുടെ ബാധ്യതയും അദ്ദേഹം കാണിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ തിളങ്ങിയ അദ്ദേഹത്തിന് പക്ഷെ വിദ്യാഭ്യാസ കാര്യത്തിൽ അത്ര നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെന്നും പത്രികയിൽ പറയുന്നു. പത്താം ക്ലാസ് പരീക്ഷയിൽ തോറ്റപ്പോൾ പഠനം നിർത്തിയെന്നതാണ് പത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

click me!