രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ മാത്രം നാല് ലക്ഷം തൊഴിലവസരങ്ങളുണ്ട്. മറ്റു സര്‍ക്കാര്‍ സര്‍വ്വീസുകളിലായി ഇരുപത് ലക്ഷത്തോളം ഒഴിവകളുണ്ട്. അധികാരത്തിലെത്തിയാല്‍ ഒന്നരവര്‍ഷം കൊണ്ട് ഈ ഒഴിവുകളെല്ലാം കോണ്‍ഗ്രസ് നികത്തുമെന്ന് രാഹുല്‍ പറയുന്നു.
ദില്ലി: വന്‍വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങി. ദില്ലിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി, യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. വായ്പകളില്‍ ക്രിമിനല്‍ നടപടി ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക സൈനിക നിയമം അടക്കം അരഡസനോളം നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ പിന്‍വലിക്കുകയോ ചെയ്യുമെന്നും പറയുന്നു.
കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, പത്ത് ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം, തൊഴിലുറപ്പ് പദ്ധതിയില്‍ 150-ലേറെ പ്രവൃത്തി ദിനങ്ങള്‍, എന്നിവയെല്ലാമാണ് പത്രികയിലെ പ്രധാന ആകര്‍ഷണങ്ങള്‍. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമായി മിനിമം വരുമാനം നിശ്ചയിച്ച ശേഷം നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷം 72000 രൂപ വരെ സഹായം നല്‍കുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രികയുടെ മുഖമായി രാഹുല്‍ ഗാന്ധി മുന്നോട്ട് വയക്കുന്നത്.
പൊതുബജറ്റിനൊപ്പം കാര്‍ഷിക ബജറ്റ് കൂടി അവതരിപ്പിക്കുക വഴി അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് രാഹുല്‍ പ്രകടനപത്രിക പുറത്തിറക്കി കൊണ്ട് പറഞ്ഞു. രാജ്യത്തെ പൊതുമേഖല സ്ഥാനപനങ്ങളില്‍ മാത്രം നാല് ലക്ഷം തൊഴിലവസരങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. മറ്റു സര്‍ക്കാര്‍ സര്‍വ്വീസുകളിലായി ഇരുപത് ലക്ഷത്തോളം ഒഴിവകളുണ്ട്. അധികാരത്തിലെത്തിയാല്‍ ഒന്നരവര്‍ഷം കൊണ്ട് ഈ ഒഴിവുകളെല്ലാം കോണ്‍ഗ്രസ് നികത്തുമെന്ന് രാഹുല്‍ പറയുന്നു.
മുന്‍കാലങ്ങളെ അപക്ഷേിച്ച് വളരെ സമഗ്രമായ പ്രകടന പത്രികയാണ് ഇക്കുറി കോണ്‍ഗ്രസ് പുറത്തുവിട്ടത്. കായികമേഖല, ഐടി, മൊബൈല്‍ -ഇന്‍റര്‍നെറ്റ് ഡാറ്റ, എല്‍ജിബിടി കമ്മ്യൂണിറ്റി തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളേയും ന്യൂജനറേഷന്‍ പ്രശ്നങ്ങളേയും പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ഉള്‍ക്കൊളളിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കും എന്ന് പറയുന്ന കോണ്‍ഗ്രസ് കശ്മീരില്‍ ചര്‍ച്ചകളിലൂടെ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിനേയും സുരക്ഷാ കൗണ്‍സിലിനേയും സംബന്ധിച്ച നിയമങ്ങള്‍ മാറ്റി എഴുതും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് മുകളില്‍ പുതിയ പദവി - ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്)
അധികാരത്തിലെത്തിയാല്‍ കലാകാരന്‍മാര്‍ക്ക് പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കും. കലാസൃഷ്ടികളില്‍ സര്‍ക്കാര്‍ സെന്‍സറിംഗ് ഉണ്ടാവില്ല.
കലാകാരന്‍മാര്‍ക്കെതിരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി.
രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും കുറഞ്ഞ ചിലവില്‍ മികച്ച നിലവാരമുള്ള ഇന്‍റര്‍നെറ്റ്-മൊബൈല്‍ ഡാറ്റ സേവനം ഉറപ്പാക്കും
ഓണ്‍ലൈന്‍ വഴി വ്യാജവാര്‍ത്തകളും വിദ്വേഷപോസ്റ്റുകളും പ്രചാരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമം കൊണ്ടു വരും.
സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കും
ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പ് (രാജ്യദ്രോഹ കുറ്റം) എടുത്ത് കളയും
മാനനഷ്ടം സിവിൽ കുറ്റമായി മാറ്റും.
വിചാരണ കൂടാതെ തടവിൽ പാർപ്പിക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യും.