നേതാക്കള്‍ക്ക് നോട്ടം നിയമസഭ സീറ്റ്; ലോക്‌സഭാ സീറ്റിലേക്ക് ആളെ തേടി ഹരിയാന കോണ്‍ഗ്രസ്

By Web TeamFirst Published Mar 21, 2019, 8:59 AM IST
Highlights

മത്സരിക്കാനില്ലെന്ന നിലപാടില്‍ മുതിര്‍ന്ന നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നതും പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളുമാണ് ഹരിയാനയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്.

ദില്ലി: ഹരിയാനയില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ കോണ്‍ഗ്രസിന്‍റെ നെട്ടോട്ടം. മത്സരിക്കാനില്ലെന്ന നിലപാടില്‍ മുതിര്‍ന്ന നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നതും പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളുമാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്.

ജിന്ദ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം കോണ്‍ഗ്രസ് നേതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന്‍റെ തട്ടകമായിരുന്ന ജിന്ദ് ചരിത്രത്തിലാദ്യമായാണ് ബിജെപി നേടിയത്. ഈ പരാജയമാണ് പല മുതിര്‍ന്ന നേതാക്കളെയും ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു. മത്സരിക്കാന്‍ തയ്യാറല്ലെന്ന നിലപാട് പല മുതിര്‍ന്ന നേതാക്കളും കമ്മിറ്റിയെ അറിയിച്ചു. പാര്‍ട്ടിയില്‍ പ്രധാനചുമതലകളൊന്നും കിട്ടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം കൂടിയായ കുല്‍ദീപ് ബിഷ്‌ണോയി കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചിരുന്നു. നവീന്‍ ജിന്‍ഡാല്‍, കുല്‍ദീപ് ശര്‍മ്മ, കുമാരി ശെല്‍ജ തുടങ്ങിയവരെല്ലാം മത്സരിക്കുന്നതില്‍ വിമുഖതയുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ സിസ്ര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് ഉറപ്പായിട്ടുണ്ട്. ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് നോട്ടം. ഈ വര്‍ഷം അവസാനത്തോടെയാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മകന്‍ ദീപേന്ദര്‍ സിങ് ഹൂഡയെ രോഹ്താകില്‍ നിന്ന് നാലാം തവണയും ലോക്‌സഭയിലേക്കെത്തിക്കണമെന്ന് അദ്ദേഹം പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
 

click me!