
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെ പിന്തുണച്ച് കോൺഗ്രസ്. ദേശീയത രാഷ്ട്രീയവത്ക്കരിക്കരുതെന്ന അദ്വാനിയുടെ നിലപാടിനോട് യോജിക്കുന്നു. സേനയുടെ ശത്രു ആരാണെന്നും പാക്കിസ്ഥാന്‍റെ സുഹൃത്ത് ആരാണെന്നും അദ്വാനിയുടെ വാക്കുകളിലൂടെ ജനങ്ങൾക്ക് മനസിലായിയെന്നും കോൺഗ്രസ്.
അതേ സമയം, എല്‍കെ അദ്വാനിയേയും മുരളീമനോഹര്‍ ജോഷിയേയും അനുനയിപ്പിക്കാന്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഇടപെടുന്നു. വിമര്‍ശനം ഉന്നയിക്കുന്നവരെ ശത്രുക്കളായി കാണുന്നതായിരുന്നില്ല ബിജെപിയുടേയും വാജ്പേയുടേയും ശൈലി എന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച തന്‍റെ ബ്ലോഗില്‍ എല്‍കെ അദ്വാനി കുറച്ചിരുന്നു. മുരളീമനോഹര്‍ ജോഷിയുമായി ചില പ്രതിപക്ഷ കക്ഷി നേതാക്കള്‍ ആശയവിനിമയം നടത്തിയതായും ഇതിനിടയില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നു ഈ സാഹചര്യത്തിലാണ് ഇരുവരേയും അനുനയിപ്പിക്കാന്‍ ബിജെപിയുടേയും ആര്‍എസ്എസിന്‍റേയും നേതാക്കള്‍ ശ്രമം ആരംഭിച്ചത്.
ബിജെപിയുടേയും ആര്‍എസ്എസിന്‍റേയും ചില നേതാക്കള്‍ ഇന്നലേയും ഇന്നുമായി അദ്വാനിയേയും ജോഷിയേയും നേരില്‍ കണ്ടു സംസാരിച്ചുവെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആര്‍എസ്എസ് നേതൃത്വം നേരിട്ട് അദ്വാനിയുമായി സംസാരിച്ചേക്കും എന്നും വാര്‍ത്തകളുണ്ട്. എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ബിജെപിയുടെ സ്ഥാപകനേതാക്കളാണ് അതിനാല്‍ തന്നെ അവരില്‍ നിന്നുണ്ടാവുന്ന എത് വിമതനീക്കവും ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ഇരട്ടപ്രഹരമായി മാറും. ഇതൊഴിവാക്കാനാണ് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ശ്രമിക്കുന്നത്. പ്രതിപക്ഷം ഇത് ആയുധമാകുന്നത് കൂടാതെ ഹിന്ദി ബെല്‍റ്റിലെ പരമ്പരാഗത വോട്ടുകളെ വിവാദങ്ങള്‍ ബാധിക്കാനുള്ള സാധ്യതയും പാര്‍ട്ടി മുന്‍കൂട്ടി കാണുന്നു.
2013-ല്‍ ഗോവയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരകനായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തതോടെയാണ് അദ്വാനിയും ബിജെപി നേതൃത്വവും തമ്മിലുള്ള അകല്‍ച്ച ആരംഭിക്കുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന വേദിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അദ്വാനി ശ്രമിച്ചെങ്കിലും ആര്‍എസ്എസ് നേതൃത്വവും ഗഡ്കരി അടക്കമുള്ള ബിജെപി നേതാക്കളും ചേര്‍ന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു.
പിന്നീട് 2014-ലെ തെരഞ്ഞെടുപ്പ് കാലത്താണ് മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ ഇടയുന്നത്. അദ്വാനി പക്ഷത്തെ പല നേതാക്കള്‍ക്കും അന്ന് സീറ്റ് നിഷേധിക്കപ്പെടുകയോ മണ്ഡലം മാറി മത്സരിക്കേണ്ടി വരികയോ ചെയ്തു. മുരളീമനോഹര്‍ ജോഷി പതിറ്റാണ്ടുകളായി മത്സരിച്ചു പോന്ന വാരണാസി സീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടു. യുപിയിലെ തന്നെ കാണ്‍പൂര്‍ സീറ്റാണ് അമിത് ഷാ അന്ന് മുരളീ മനോഹര്‍ ജോഷിക്കായി വിട്ടു നല്‍കിയത്.
തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് അമിത് ഷാ നിയമിക്കപ്പെടുകയും ചെയ്തതോടെ മുതിര്‍ന്ന നേതാക്കളുടെ സ്വാധീനം പാടെ കുറഞ്ഞു. പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത അമിത് ഷാ സംഘടനയെ ഒന്നാകെ ഉടച്ചു വാര്‍ത്തു. ബിജെപി പാര്‍ലമെന്‍ററി കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ ജോഷിയേയും അദ്വാനിയേയും മാര്‍ഗ്ഗനിര്‍ദേശക് മണ്ഡല്‍ എന്ന പുതിയ ഘടകത്തിലേക്ക് മാറ്റി. ഇതോടെ പാര്‍ട്ടിയുടെ നിര്‍ണായക നയരൂപീകരണത്തില്‍ ഇവര്‍ക്കുള്ള സ്വാധീനം ഇല്ലാതെയായി.
പോയ അഞ്ച് വര്‍ഷം പരസ്യപ്രതിഷേധങ്ങള്‍ക്ക് പോകാതെ ഒതുങ്ങി നിന്ന അദ്വാനിക്കും ജോഷിക്കും ഇക്കുറി മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ല. കാല്‍ നൂറ്റാണ്ടിലേറെയായി അദ്വാനി മത്സരിച്ചു പോരുന്ന ഗാന്ധിനഗര്‍ സീറ്റില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ തന്നെ സ്ഥാനാര്‍ഥിയായി വരികയും ചെയ്തു. ഇതോടെയാണ് ഇരുവരും പരസ്യപ്രതിഷേധത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്തു വന്നത്.
ഇന്നലെ അദ്വാനിയുടേതായി വന്ന ബ്ലോഗില്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന എല്ലാവരും പാര്‍ട്ടിയുടെ ശത്രുക്കളോ രാജ്യദ്രോഹികളോ അല്ലെന്ന തരത്തില്‍ വന്ന പരാമര്‍ശം വളരെ ഗൗരവത്തോടെയാണ് ബിജെപി ആര്‍എസ്എസ് നേതൃത്വം കാണുന്നത് ഇതാണ് തിരക്കിട്ട അണിയറനീക്കങ്ങള്‍ക്ക് തുടക്കമിട്ടതും.