
കോട്ടയം: വോട്ടെടുപ്പിന്‍റെ അവസാന മണിക്കൂറിൽ കെ എം മാണിയുടെ പേരിൽ ആരോപണപ്രത്യാരോപണങ്ങളുമായി കോട്ടയത്തെ യുഡിഎഫ് -എൻഡിഎ സ്ഥാനാർത്ഥികൾ. സ്ഥാപിതതാല്പര്യങ്ങളുടെ പേരിൽ മാണിയെ വിട്ടുപോയ ആളാണ് എൻഡിഎ സ്ഥാനാർഥി പി സി തോമസെന്ന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ ആരോപിച്ചു. എന്നാൽ ചാഴിക്കാടനെ പിന്തുണച്ചതിനാണ് തന്നെ കേരളകോൺഗ്രസിൽ നിന്നും പുറത്താക്കിയതെന്ന് പി സി തോമസ് തിരിച്ചടിച്ചു.
കെ എം മാണിക്കൊപ്പം പ്രവർത്തിച്ചിരുന്ന രണ്ട് പേർ നേർക്കുനേർ പോരാടുന്ന കോട്ടയത്ത് പ്രചാരണത്തിന്റ അവസാനലാപ്പിൽ മാണിയുടെ പൈതൃകത്തെച്ചൊല്ലിയാണ് തർക്കം കേരളകോൺഗ്രസുകളെ ഒന്നിപ്പിക്കാൻ കെ എം മാണി നിർദ്ദേശിച്ചിരുന്നുവെന്നും മാണിയുടെ നയങ്ങൾ പിൻതുടരുന്നത് താനാണെന്നും പി സി തോമസ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ രംഗത്തെത്തിയത്.
അദ്ദേഹം സ്വന്തം താത്പര്യങ്ങളുടെ പേരിലാണ് മാണി സാറേയും കേരള കോണ്‍ഗ്രസിനേയും വിട്ടു പോയത്. എന്നിട്ട് മറ്റു പല പാര്‍ട്ടികള്‍ രൂപീകരിച്ചു. ഒടുവിലാണ് ബിജെപിയില്‍ ചെന്നു ചേര്‍ന്നത് - തോമസ് ചാഴിക്കാടന്‍ പറയുന്നു. എന്നാൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലം മൂന്നാം പ്രാവശ്യവും മത്സരിക്കാന്‍ വേണമെന്ന ചാഴിക്കാടന്റ നിലപാടിനൊപ്പം നിന്നതിനാണ് കെ എം മാണി തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് പി സി തോമസ് തിരിച്ചടിക്കുന്നു.
ഇതിനിടെ മാണിയുടെ നിര്യാണത്തോടെ കേരളകോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്. നിര്‍ണായക രാഷ്ട്രീയ പ്രതിസന്ധിയെയാണ് കേരളകോണ്‍ഗ്രസ് ഇനി അഭിമുഖീകരിക്കേണ്ടി വരികയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്‍ പറയുന്നു. ''കേരള കോണ്‍ഗ്രസിന്‍റെ അധ്യക്ഷസ്ഥാനം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ ചെയര്‍മാനേയും വര്‍ക്കിംഗ് ചെയര്‍മാനേയുമെല്ലാം അവര്‍ കണ്ടതേണ്ടതുണ്ട്''. കെഎം മാണിയുടെ അപ്രതീക്ഷിത നിര്യാണത്തോടെ രൂപം കൊണ്ട പുതിയ രാഷ്ട്രീയ സാഹചര്യം തെരഞ്ഞെടുപ്പിന് ശേഷം മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയത്തെ ആകെ മാറ്റിമറിക്കുന്ന രീതിയില്‍ മാറിയേക്കും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.