കർക്കറെയ്ക്ക് എതിരായ പരാമ‌ർശം വ്യക്തിപരം; പ്രഗ്യ സിങിനെ തള്ളി ബിജെപി, പരിശോധിക്കുമെന്ന് തെര. കമ്മീഷൻ

By Web TeamFirst Published Apr 19, 2019, 7:01 PM IST
Highlights

പുൽവാമ ഭീകരാക്രമണവും ബലാക്കോട്ടും പ്രചാരണായുധമാക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ് പ്രഗ്യ സിങിന്‍റെ പരാമർശം
 

ദില്ലി: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ദ് കർക്കറെക്കെതിരായ പ്രഗ്യ സിങ് ഠാക്കുറിന്‍റെ പ്രസ്താവന വ്യക്തിപരമെന്ന് ബിജെപി.ഹേമന്ദ് കർക്കറെ തീവ്രവാദികളുടെ കൈകളാൽ കൊല്ലപ്പെടുമെന്ന് ശപിച്ചുവെന്ന പ്രഗ്യ സിങിന്‍റെ പ്രസ്താവന പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വിവാദത്തിൽ വിശദീകരണവുമായി ബിജെപി രംഗത്തെത്തിയത്.

അതേസമയം രക്തസാക്ഷികളെ രാജ്യദ്രോഹികളാക്കിയ പ്രഗ്യ സിങും മോദിയും രാജ്യത്തോട് മാപ്പ് പറയണമെന്ന ആവശ്യവുമായി കോൺഗ്രസും രംഗത്തെത്തി. മുംബൈ ഭീകരാക്രമണത്തിൽ തീവ്രവാദികളാൽ കൊല്ലപ്പെട്ട ഹേമന്ദ് ക‍ർക്കറെയെ അധിക്ഷേപിച്ചുകൊണ്ട് ഇന്നലെയാണ് പ്രഗ്യ സിങ് വിവാദ പ്രസ്താവന നടത്തിയത്. ഹേമന്ദ് കര്‍ക്കറയെ താന്‍ ശപിച്ചിരുന്നെന്നായിരുന്നു മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ  ബിജെപി സ്ഥാനാര്‍ഥിയുമായ പ്രഗ്യ സിങ് ഠാക്കൂര്‍ പത്ര സമ്മേളനത്തിൽ പറഞ്ഞത്.

തനിക്കെതിരെ കര്‍ക്കറെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ ഹേമന്ദ് കർക്കറെയെ കൊല്ലുമെന്ന് ശപിച്ചിരുന്നുവെന്നും  പ്രഗ്യ സിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൈയടികളോടെയായിരുന്നു പ്രഗ്യ സിങിന്‍റെ വാക്കുകളെ കൂടെയെത്തിയ ബിജെപി നേതാക്കൾ വരവേറ്റത്. 

പ്രഗ്യ സിങിന്‍റെ പ്രസ്താവനക്കെതിരെ രാജ്യമാകെ വലിയ പ്രതിഷേധമുയർന്നതോടെ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പ്രസ്താവന പരിശോധിച്ച ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വി എൽ കാന്ത റാവു അറിയിച്ചു.

പ്രഗ്യ സിങിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. വീരമൃത്യു വരിച്ച ഹേമന്ത് കർക്കറയെ പ്രഗ്യ സിങ് അപമാനിച്ചുവെന്നും രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞവരെ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തിയ പ്രഗ്യ സിങും നരേന്ദ്രമോദിയും മാപ്പ് പറയണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല അവശ്യപ്പെട്ടു.

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരയും കോൺഗ്രസ് വിമർശനമുന്നയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടമാണോ മോദി പെരുമാറ്റച്ചട്ടമാണോ രാജ്യത്ത് പന്തുടരുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നായിരുന്നു കോൺഗ്രസിന്‍റെ വിമ‌ശനം.

ഹേമന്ദ് ക‍ർക്കറയെ അപമാനിച്ച പ്രഗ്യ സിങിന്‍റെ പ്രസ്താവന വലിയ വിവാദമായതോടെ ഇന്ന് വൈകീട്ടോടെ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. പ്രഗ്യ സിങിന്‍റെ അഭിപ്രായം വ്യക്തിപരമാണെന്നും  മാലെഗാവ് സ്ഫോടനക്കേസിൽ കസ്റ്റഡിയിലിരിക്കെ നേരിട്ട ശാരീരികവും മാനസികവും ആയ പീഡനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രഗ്യയുടെ പ്രതികരണമെന്നുമായിരുന്നു ബിജെപി വിശദീകരണം. 

ഹിന്ദുത്വ വോട്ടുകൾ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഭോപ്പാലിൽ പ്രഗ്യ സിങിനെ സ്ഥാനാർത്ഥിയാക്കിയത്. പുൽവാമ ഭീകരാക്രമണവും ബലാക്കോട്ടും പ്രചാരണായുധമാക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ് പ്രഗ്യ സിങിന്‍റെ പരാമർശം.

26/11ലെ മുംബൈ ഭീകരാക്രമണത്തിലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത്. പ്രഗ്യ സിങ് പ്രതിചേര്‍ക്കപ്പെട്ട മാലാഗാവ് സ്ഫോടനം അന്വേഷിച്ചത് ഹേമന്ത് കര്‍ക്കറെയായിരുന്നു. 

click me!