ജയ്‌പൂർ ജയിലിൽ പാക് സ്വദേശിയെ പലകക്കല്ല് തലക്കടിച്ച് കൊന്നു

By Web TeamFirst Published Apr 5, 2019, 12:09 PM IST
Highlights

നാല് പേരടങ്ങിയ സംഘം ഇയാളെ മർദ്ദിക്കുകയും കൂട്ടത്തിലൊരാൾ പലകക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു

ജയ്‌പൂർ: പാക്കിസ്ഥാൻ സ്വദേശിയായ തടവുപുള്ളിയെ ജയ്‌പൂർ ജയിലിൽ നാലംഗം സംഘം കൊലപ്പെടുത്തി. ടിവിയുടെ ശബ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. നാല് പേരടങ്ങിയ സംഘം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പാക് സ്വദേശി 45 കാരനായ ഷക്കറുള്ളയെ കൊലപ്പെടുത്തുകയായിരുന്നു. മരിച്ചയാൾക്ക്  മുഹമ്മദ് ഹനീഫ് എന്നും അമർ സിങ് ഗിൽ എന്നും പേരുണ്ട്.

ജയ്പുർ സെൻട്രൽ ജയിലിലെ പത്താം വാർഡിൽ ഇന്നലെ ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം നടന്നത്. സംഘർഷ സമയത്ത് ഷക്കറുള്ളയും മറ്റ് എട്ട് പേരുമാണ് മുറിയിലുണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് പാക്കിസ്ഥാൻ, ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിന്റെ പ്രതികാരമായാണ് ഷക്കറുള്ളയെ ജയിലിൽ കൊലപ്പെടുത്തിയതെന്ന് പാക് വിദേശകാര്യ ഓഫീസ് പ്രതികരിച്ചു.

ഇന്ത്യയിൽ തടവിൽ കഴിയുന്ന എല്ലാ പാക്കിസ്ഥാനികൾക്കും ഇന്ത്യയിലേക്ക് വന്നിരിക്കുന്ന എല്ലാ പാക്കിസ്ഥാനികൾക്കും മതിയായ സുരക്ഷ ഉറപ്പുവരുത്തണം എന്ന് പാക് ഹൈക്കമ്മിഷണർ ആവശ്യപ്പെട്ടു. 

ഷക്കറുള്ളയെ കൊലപ്പെടുത്തിയവർ കൊടുംകുറ്റവാളികളാണെന്ന് ജയിൽ വകുപ്പ് ഡയറക്ടർ എൻ ആർ കെ റെഡ്ഡി പ്രതികരിച്ചു. ഭജൻ മീന, മനോജ്, അജീത്, കുൽവേന്ദ്ര ഗുജ്ജാർ എന്നിവരാണ് പ്രതികൾ. ഉച്ചയ്ക്ക്  1.20 ന് ഉയർന്ന ശബ്ദത്തിൽ ഇവർ പാട്ടുകേൾക്കുകയായിരുന്നു. ഷക്കറുള്ള ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതികൾ പ്രകോപിതരായി മർദ്ദിക്കുകയായിരുന്നു.

മുറിയിൽ ടിവി സ്റ്റാന്റായി വച്ചിരുന്ന പലകക്കല്ല് പ്രതികളിലൊരാൾ എടുക്കുകയും ഷക്കറുള്ളയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

click me!