ലഖ്നൗവിൽ രാജ്നാഥ് സിം​ഗിനെതിരെ ശത്രുഘ്നന്‍ സിൻഹയുടെ ഭാര്യ മത്സരിക്കും

By Web TeamFirst Published Apr 5, 2019, 11:42 AM IST
Highlights

ബിജെപി വിട്ട് കോൺ​ഗ്രസിലെത്തിയ ശത്രുഘ്നന്‍ സിൻഹയുടെ ഭാര്യയാണ് പൂനം സിൻഹ. ബിഎസ്പിയുടെ പിന്തുണയോടെ ലഖ്നൗ മണ്ഡലത്തിൽ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് പൂനം മത്സരിക്കുക.

ലഖ്നൗ: കേന്ദ്ര ആഭ്യന്തമന്ത്രിയും ബിജെപി മുന്‍ അധ്യക്ഷനുമായ രാജ്നാഥ് സിം​ഗിനെതിരെ ലഖ്നൗ മണ്ഡലത്തിൽ ബോളിവുഡ് നടി പൂനം സിന്‍ഹ മത്സരിക്കും. ബിജെപി വിട്ട് കോൺ​ഗ്രസിലെത്തിയ ശത്രുഘ്നന്‍ സിൻഹയുടെ ഭാര്യയാണ് പൂനം സിൻഹ. ലഖ്നൗ മണ്ഡലത്തിൽ ബിഎസ്പിയുടെ പിന്തുണയോടെ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് പൂനം മത്സരിക്കുക.

മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പൂനം സിന്‍ഹയെ പിന്തുണക്കുമെന്ന് കോൺ​ഗ്രസിന്റെ ഔദ്യോ​ഗികവൃത്തങ്ങൾ അറിയിച്ചു. ഇതോടെ രാജ്നാഥ് സിം​ഗും പൂനം സിന്‍ഹയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനായിക്കും ലഖ്നൗ വേദിയാകുക. മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുകയായിരുന്ന കോൺ​ഗ്രസ് നേതാവ് ജിതിൻ പ്രസാദയെ ദാരഹാര മണ്ഡലത്തിലേക്ക് മാറ്റിയാണ് പ്രതിപക്ഷനിരയിൽ ഐക്യമുണ്ടാക്കിയത്.  
 
കയസ്ത, സിന്ധി വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് ലഖ്നൗ. മണ്ഡലത്തിൽ നാല് ലക്ഷം കയസ്ത വിഭാ​ഗക്കാരും 1.3 ലക്ഷം സിന്ധി വിഭാ​ഗക്കാരുമാണുള്ളത്. ഇതിൽ പൂനം സിൻഹ സിന്ധി വിഭാ​ഗത്തിലും ശത്രുഘ്നന്‍ സിൻഹ കയസ്ത വിഭാ​ഗത്തിലുംപെടുന്നു. അതിനാൽ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ത്ഥിയായി പൂനം സിന്‍ഹ മത്സരിക്കുമ്പോള്‍ വിജയം സുനിശ്ചിതമാണെന്നാണ് സമാജ്‍വാദി പാര്‍ട്ടിയുടെ വിലയിരുത്തല്‍. 2014-ലെ തെരഞ്ഞെടുപ്പിൽ 55.7 ശതമാനം വോട്ട് നേടിയാണ് ലഖ്നൗവിൽ രാജ്നാഥ് സിം​ഗ് വിജയിച്ചത്. മണ്ഡലത്തിലെ ജാതിസമവാക്യം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വിലപ്പോകില്ലെന്നാണ് സമാജ്‍വാദി പാർട്ടിയുടെ കണക്ക് കൂട്ടൽ. 

അതേസമയം, ബിജെപി വിട്ട് കോൺ​ഗ്രസിലേക്ക് ചേക്കേറുന്ന ശത്രുഘ്നന്‍ സിന്‍ഹ ബിഹാറിലെ പാട്നസാഹിബ് ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നടനും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ ദിവസങ്ങള്‍ക്കുമുമ്പാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍  ചേരുന്നതായി പ്രഖ്യാപിച്ചത്. 

click me!