
ദില്ലി: രാജ്യത്തിനാവശ്യം രാജാക്കൻമാരെയും മഹാരാജാക്കൻമാരെയുമല്ലെന്നും കാവൽക്കാരെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ താൽക്കൊത്തോറ സ്റ്റേഡിയത്തിൽ 'മേം ഭീ ചൗക്കീദാർ' തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴി പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ 500 കേന്ദ്രങ്ങളിൽ പരിപാടി തത്സമയം സംപ്രേഷണം ചെയ്തു.
തീവ്രവാദത്തെ അതിന്റെ കേന്ദ്രത്തിലെത്തി തുടച്ചു നീക്കാൻ വേണ്ടിയാണ് ബാലാക്കോട്ടിൽ ആക്രമണം നടത്തിയതെന്ന് മോദി പറഞ്ഞു. കാവൽക്കാരൻ കള്ളനാണ് എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ചും മോദി പ്രചാരണ പരിപാടിയിൽ പരാമർശിക്കുകയുണ്ടായി. ചൗക്കിദാർ എന്ന വിളിക്ക് പിന്നിലെ ആദർശം വ്യാപിക്കുന്നത് തന്നെ സന്തോഷിപ്പിക്കുന്നതായും മോദി പറഞ്ഞു. അഞ്ച് വർഷം മുമ്പ് തന്നെ രാജ്യത്തിന്റെ കാവൽക്കാരനാക്കിയ ജനങ്ങളോടുള്ള ഉത്തരവാദിത്വം തീർച്ചയായും നിറവേറ്റുമെന്നും മോദി പറഞ്ഞു.
കോൺഗ്രസിന്റെ നാല് തലമുറകൾ പാവങ്ങൾക്ക് ക്ഷേണം വാഗ്ദാനം നൽകിയിട്ടും ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല. കോൺഗ്രസിന്റെ മിനിമം വരുമാനം പദ്ധതിയെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ ഈ വാക്കുകൾ. മോദി തെരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നാണ് പാകിസ്ഥാന്റെ ചിന്ത. എന്നാൽ തെരഞ്ഞെടുപ്പല്ല, രാജ്യസുരക്ഷയ്ക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു.