
പൊന്നാനി: സിപിഐ ആവുംവിധമെല്ലാം തന്നെ ഉപദ്രവിച്ചെന്നും ഇപ്പോഴും അത് തുടരുകയാണെന്ന പിവി അന്‍വറിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ പരസ്യ പോരിനിറങ്ങി സിപിഐ. അന്‍വറിന്‍റെ പോരിനെതിരെ സിപിഐ ഔദ്യോഗികമായി പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ, സോഷ്യല്‍മ മീഡിയയിലും സിപിഐ അന്‍വറിനെ കടന്നാക്രമിച്ചു.
നിലമ്പൂര്‍ എംഎല്‍എ കൂടിയായ അന്‍വര്‍ സിപിഐ ലീഗിനൊപ്പമായിരുന്നു എന്ന് ആരോപിച്ചിരുന്നു. സിപിഐ നേതാക്കളും ജില്ലാ ഘടകവും പരമാവധി ഉപദ്രവിച്ചു. മലപ്പുറത്ത് സിപിഐയും മുസ്ലിം ലീഗും ഒന്നാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.എഐവൈഎഫിന്‍റെ പൊന്നാനി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ കടുത്ത ഭാഷയിലാണ് സിപിഐ പ്രതികരണം നടത്തിയിരിക്കുന്നത്.
' അവന്‍വറേ.. നിന്‍റെ സ്വത്തും കുടുംബ മഹിമയും കണ്ട് മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ... ഞങ്ങള്‍ ഇടതുപക്ഷമായത്,നിനക്ക് വേണ്ടി പോലും രാപകലില്ലാതെ കഷ്ടപ്പെട്ടത് നെഞ്ചില്‍ ഇടതുപക്ഷമുള്ളത് കൊണ്ടാണ്. പണത്തിന്‍റെ ഹുങ്കില്‍ കാര്യം കഴിഞ്ഞാല്‍ തള്ളിപ്പറയാനാണ് ഭാവമെങ്കില്‍ വിവരമറിയും.. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.' ഇങ്ങനെയായിരുന്നു ഫേസ്ബുക്ക് പേജിലെ എഐവൈഎഫിന്‍റെ പ്രതികരണം. പേജിലെ പ്രതികരണം ഔദ്യോഗികമാണോ എന്ന് വ്യക്തമല്ലെങ്കിലും പൊന്നാനിയിലെ സിപിഐ പരിപാടികളെല്ലാം നിരന്തരം പോസ്റ്റ് ചെയ്യപ്പെട്ട പേജാണിത്. അന്‍വറിന് വോട്ടഭ്യര്‍ത്ഥിക്കുന്ന പോസ്റ്റും നേരത്തെ പേജ് ഷെയര്‍ ചെയ്തിരുന്നു.