48 സീറ്റുകളിൽ അങ്കത്തിനൊരുങ്ങി സിപിഐ; സ്ഥാനാര്‍ഥി പട്ടിക ഇന്ന് ദേശീയ നിര്‍വ്വാഹക സമിതിയില്‍

By Web TeamFirst Published Mar 7, 2019, 6:06 AM IST
Highlights

ഉത്തര്‍ പ്രദേശില്‍ പത്തും ബിഹാറില്‍ അഞ്ചും കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ നാലും സീറ്റുകളിലാണ് സിപിഐ മത്സരിക്കുക. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് കേരളത്തിൽ സിപിഐ ജനവിധി തേടുന്നത്.
 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇന്ന് ദേശീയ നിര്‍വ്വാഹക സമിതി അംഗീകാരം നല്‍കും. രാജ്യത്ത് 48 സീറ്റുകളിൽ മത്സരിക്കുന്നതിനുള്ള പട്ടികയാണ് ദേശീയ സമിതിയുടെ പരിഗണനയ്ക്കായി സംസ്ഥാന ഘടകങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

ഉത്തര്‍ പ്രദേശില്‍ പത്തും ബിഹാറില്‍ അഞ്ചും കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ നാലും സീറ്റുകളിലാണ് സിപിഐ മത്സരിക്കുക. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് കേരളത്തിൽ സിപിഐ ജനവിധി തേടുന്നത്.

തിരുവനന്തപുരം മ‍ണ്ഡലത്തിൽ  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുതൽ ആനി രാജ വരെയുള്ളവരുടെ പേരുകൾ പരിഗണിച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം കാനം രാജേന്ദ്രൻ തള്ളുകയായിരുന്നു. മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് കാനം രാജേന്ദ്രൻ അറിയച്ചതിനെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം പരിഗണിച്ച രണ്ടാമത്തെ പേരെന്ന നിലയിൽ സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കാൻ ധാരണയായത്. മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും സിപിഐക്ക് വേണ്ടി ജനവിധി തേടും.

നിലവിലെ എംപി സിഎൻ ജയദേവന് സീറ്റ് നിഷേധിച്ചാണ് തൃശൂരിൽ രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. വയനാട് ജില്ലാ നേതൃത്വത്തിന്‍റെ ലിസ്റ്റിലുണ്ടായിരുന്ന പേര്  അവഗണിച്ചാണ് പിപി സുനീറിനെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. ബിഹാറിലെ ബഗുസാരായി മണ്ഡലത്തില്‍ കനയ്യ കുമാറും മത്സരിക്കും

click me!