പാട്ട് വിവാദത്തിന് പിന്നാലെ ആലത്തൂരിൽ പോസ്റ്റർ വിവാദം; സൈബ‍ർ യുദ്ധത്തിനിറങ്ങി നേതാക്ക‌ൾ

By Web TeamFirst Published Mar 31, 2019, 7:40 AM IST
Highlights

തെരഞ്ഞെടുപ്പ് കാലത്തെ ചിലരുടെ ആസൂത്രിത നീക്കമാണ് പോസ്റ്റർ വിവാദത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുമ്പോൾ പ്രശ്നത്തെ ഗൗരവമായി സമീപിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നീക്കം.

പാലക്കാട്: ആലത്തൂർ മണ്ഡലത്തിൽ പാട്ടുപാടി വോട്ടു തേടുന്ന കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ വിമർശിച്ചും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിലും ചർച്ചകൾ സജീവമാകുന്നതിനിടെ ആലത്തൂരിൽ പുതിയ പോസ്റ്റർ വിവാദം. രമ്യാ ഹരിദാസിന്‍റെ പോസ്റ്ററുകൾക്ക് മുകളിൽ സിപിഎമ്മിന്‍റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതാണ് പുതിയ വിവാദത്തിന് കാരണമായത്. 

കാവശ്ശേരി വക്കീൽപ്പടി പ്രദേശത്തെ രമ്യ ഹരിദാസിന്‍റെ പോസ്റ്ററുകൾക്ക് മുകളിലാണ് അരിവാൾ ചുറ്റിക നക്ഷത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണ്ഡലത്തിലെ നിരവധി പ്രദേശങ്ങളിൽ ഇത്തരത്തിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പരാജയ ഭീതിയെ തുടർന്നാണ് സിപിഎം പോസ്റ്ററുകൾ വികൃതമാക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. 

പോസ്റ്റർ വിവാദം സൈബർലോകത്തും വലിയ ചർച്ചയായി. ആലത്തൂരിൽ സ്ക്രാച്ച് ആൻഡ് വിൻ മത്സരമാണെന്നും പോസ്റ്റർ ചുരണ്ടിയാൽ യഥാർത്ഥ വിജയിയെ കണ്ടെത്താമെന്നും വി ടി ബൽറാം ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

ആദ്യം ശബ്ദത്തെ തടയാൻ ശ്രമിച്ച സിപിഎം ഇപ്പോൾ മുഖത്തെയും തടയുന്നു എന്നായിരുന്നു സ്ഥാനാർത്ഥി രമ്യ ഹരിദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പാട്ടുപാടി വോട്ടുചേദിച്ച രീതി പരിഹസിച്ച ദീപ നിശാന്തിനെ കളിയാക്കിക്കൊണ്ടാണ് ഷാഫി പറമ്പിൽ എംഎൽഎയുടെ കുറിപ്പ്.

എന്നാൽ സംഭവത്തിന് സിപിഎമ്മുമായി ബന്ധമില്ലെന്നും പാർട്ടി ചിഹ്നം പ്രസ്സുകളിൽ പോയി ആർക്കും കാശ് കൊടുത്ത് വാങ്ങി ഒട്ടിക്കാമെന്നും എം സ്വരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒരു സിപിഎം പ്രവർത്തകനും കോൺഗ്രസ് പോസ്റ്ററ്ന് മുകളിൽ സിപിഎമ്മിന്‍റെ പോസ്റ്റർ ഒട്ടിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശനമായ നടപടിയെടുക്കുമെന്നും ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ബിജു വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്തെ ചിലരുടെ ആസൂത്രിത നീക്കമാണ് പോസ്റ്റർ വിവാദത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുമ്പോൾ പ്രശ്നത്തെ ഗൗരവമായി സമീപിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നീക്കം.

click me!