തോല്‍വിയുടെ കാരണം തേടി ഇടത് പക്ഷം; നാളെ സംസ്ഥാന നേതൃയോഗങ്ങള്‍ ചേരും

By Web TeamFirst Published May 23, 2019, 7:20 PM IST
Highlights

കേരളത്തിലെ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണം തേടി എല്‍‍ഡിഎഫ്. വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും കനത്ത തിരിച്ചടിയേറ്റ് വാങ്ങിയതിന്‍റെ ഞെട്ടലിലാണ് എല്‍‍ഡിഎഫ് സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് വിലയിരുത്താൻ സിപിഎം--, സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ നാളെ ചേരുന്നുണ്ട്

തിരുവനന്തപുരം: കേരളത്തിലെ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണം തേടി എല്‍‍ഡിഎഫ്. വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും കനത്ത തിരിച്ചടിയേറ്റ് വാങ്ങിയതിന്‍റെ ഞെട്ടലിലാണ് എല്‍‍ഡിഎഫ് സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് വിലയിരുത്താൻ സിപിഎം--, സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ നാളെ ചേരുന്നുണ്ട്.

എകെജി സെന്‍ററിൽ രാവിലെ പത്തരയ്ക്കാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. സിപിഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലാണ് സിപിഐ എക്സിക്യൂട്ടീവ് യോഗം. കേരളത്തിലെ ഫലം സംബന്ധിച്ച പ്രാധമികമായ വിലയിരുത്തലാണ് നാളെ നടക്കുക. നാളെത്തെ യോഗത്തിന് ശേഷം വിശദമായ പരിശോധനകളിലേക്ക് ഇരുപാർട്ടികളും കടക്കാൻ സാധ്യത ഉണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. എല്‍ഡിഎഫിന്‍റെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായിട്ടുള്ള വികാരം പ്രതിഫലിക്കാറുണ്ട്.

അതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കെതിരായുള്ള വിധിയെഴുത്തും സംസ്ഥാനത്ത് ഉണ്ടാവാറുണ്ട്. കോണ്‍ഗ്രസ്സിനെതിരെയും ഇത്തരത്തിലുള്ള ജനവിധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.  

ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെയും ഇടത് മുന്നണിയുടേയും നയങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാണെന്നും ഇക്കാര്യത്തിൽ വിശദമായി ചര്‍ച്ച നടത്തുമെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.

click me!