മുന്നണിയിലെ തമ്മിലടികൾയ്ക്കിടയിലും ഞെട്ടിക്കുന്ന ഭൂരിപക്ഷവുമായി ഇ ടി മുഹമ്മദ് ബഷീര്‍

By Web TeamFirst Published May 23, 2019, 7:01 PM IST
Highlights

മണ്ഡലം സുരക്ഷിതമല്ലെന്ന ധാരണയില്‍  നിന്ന് മലപ്പുറത്തേക്ക് മാറാൻ  ആദ്യം ആലോചിച്ച ഇടി മുഹമ്മദ് ബഷീര്‍ പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങിയാണ് പൊന്നാനിയില്‍ മത്സരിക്കാനിറങ്ങിയത്

പൊന്നാനി: യുഡിഎഫിന്‍റെ കണക്കുകൂട്ടലകളെപ്പോലും തെറ്റിച്ച് ഒരു ലക്ഷത്തി തൊണ്ണൂറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ ഇത്തവണ വിജയിച്ചത്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന പിവി അൻവറിനെ ഇടത് മുന്നണി  സ്ഥാനാര്‍ത്ഥിയാക്കിയതും യുഡിഎഫിന്‍റെ ഭൂരിപക്ഷം വര്‍ദ്ധിക്കാൻ കാരണമായി.

മണ്ഡലം സുരക്ഷിതമല്ലെന്ന ധാരണയില്‍  നിന്ന് മലപ്പുറത്തേക്ക് മാറാൻ  ആദ്യം ആലോചിച്ച ഇടി മുഹമ്മദ് ബഷീര്‍ പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവസാനം പൊന്നാനിയില്‍ മത്സരിക്കാനിറങ്ങിയത്. കഴിഞ്ഞ തവണത്തെ ഇരുപത്തി അയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷമോ അല്ലെങ്കില്‍ ചെറിയ വര്‍ദ്ധനവോ ആണ് ഇത്തവണ അദ്ദേഹം പ്രതീക്ഷിച്ചത്.

പക്ഷെ, എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ച ഭൂരിപക്ഷമാണ് അദ്ദേഹത്തിന് കിട്ടിയത്. സംസ്ഥാന വ്യാപകമായുണ്ടായ യുഡിഎഫ് തരംഗത്തിനൊപ്പം   അഴിമതി, സ്വജനപക്ഷപാതം, പാരിസ്ഥിക വിഷയങ്ങള്‍, നിയമ നടപടികള്‍, ഭൂമി കയ്യേറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ആരോപണ വിധേയനായ പി വി അൻവറിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇ ടി മുഹമ്മദ് ബഷീറിന്‍റെ ചരിത്രവിജയത്തിന് പ്രധാന കാരണമായി.

കഴിഞ്ഞ തവണത്തെ 75000ൽ നിന്ന് 35000 വോട്ടുകള്‍  വര്‍ദ്ധിപ്പിച്ച്  ബിജെപി നില മെച്ചപ്പെടുത്തിയപ്പോള്‍ എസ്ഡിപിഐക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 9000 വോട്ടുകളുടെ കുറവുണ്ടായി.

click me!