രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം; എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

By Web TeamFirst Published Apr 3, 2019, 2:15 PM IST
Highlights

രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശത്തെ പരസ്യമായി ന്യായീകരിച്ചെങ്കിലും എ വിജയരാഘവനെതിരെ കടുത്ത വിമര്‍ശനമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായത്. 

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തിൽ എ വിജയരാഘവനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം. തെര‍ഞ്ഞെടുപ്പ് സമയത്ത് ഇടത് മുന്നണി കൺവീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നു എന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനമുയര്‍ന്നു. പ്രസംഗം എതിരാളികൾ ആയുധമാക്കി. ഇതിന് വഴിയുണ്ടാക്കി കൊടുത്തത് വലിയ വീഴ്ചയാണെന്നാണ് യോഗത്തിൽ പങ്കെടുത്ത നേതാക്കളുടെ നിലപാട്. 

സ്ത്രീകളെ അധിക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു. ഇടത് മുന്നണി കൺവീനര്‍ക്ക് ജാഗ്രത കുറവുണ്ടായെന്നും പ്രസംഗം പരിശോധിക്കാൻ ലോ ഓഫീസറെ ചുമതലപ്പെടുത്തിയെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനും പറഞ്ഞിരുന്നു. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ എ വിജയരാഘവനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രസംഗം വളച്ചൊടിച്ചതാണെന്നും ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിശദീകരിച്ച എ വിജയരാഘവനാകട്ടെ സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറായിരുന്നുമില്ല. 

സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കെന്നായിരുന്നു ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രമ്യയ്ക്കതിരെ സംസാരിച്ചത്. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. 

Read more: രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശവുമായി എല്‍ഡിഎഫ് കൺവീന‌ർ എ വിജയരാഘവൻ

Read more: രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്‍റെ വിവാദപരാമര്‍ശം: പരാതി ഐജിക്ക് കൈമാറി; ഡിവൈഎസ്പി അന്വേഷിക്കും 

click me!