മമതയെ തകര്‍ക്കണം: ബംഗാളില്‍ സിപിഎം അണികള്‍ ബിജെപിയുമായി കൈകോര്‍ത്തു

By Web TeamFirst Published May 10, 2019, 11:54 AM IST
Highlights

ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴുഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ബംഗാള്‍. ഇവിടെ ബൂത്ത് തലങ്ങളില്‍ വ്യാപകമായി സിപിഎം-ബിജെപി ധാരണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്ത: മമത ബാനര്‍ജിക്കെതിരെ നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പശ്ചിമ ബംഗാളിലെ സിപിഎം അണികള്‍ ബിജെപിക്കായി നിശബ്ദമായി പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴുഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ബംഗാള്‍. ഇവിടെ ബൂത്ത് തലങ്ങളില്‍ വ്യാപകമായി സിപിഎം-ബിജെപി ധാരണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നഗരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബിജെപിക്ക് ശക്തികുറഞ്ഞ ഗ്രാമപ്രദേശങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുപ്പത്തിയഞ്ച് കൊല്ലത്തെ ഭരണത്തിന് ശേഷം 2011 ല്‍ ബംഗാളില്‍ അധികാരം നഷ്ടപ്പെട്ട ഇടതുപക്ഷ കക്ഷികള്‍ക്ക് പ്രത്യേകിച്ച് സിപിഎമ്മിന് തൃണമൂലില്‍ നിന്നും വലിയ തോതിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നു, അതിനാല്‍ അതിന് പ്രതികാരം എന്ന നിലയിലാണ് സിപിഎം പ്രദേശികതലങ്ങളില്‍ ബിജെപിയുമായി കൈകോര്‍ക്കുന്നത്. 

തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരിയ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍  സിപിഎമ്മും ബിജെപിയും പലയിടങ്ങളിലും ധാരണയില്‍ മത്സരിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസുമായി സിപിഎം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നില്ല.  തൃണമൂല്‍ ശക്തമായ പ്രദേശങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ഒറ്റയ്‌ക്കൊറ്റയ്ക്കു പിടിച്ചുനില്‍ക്കാനുള്ള സാഹചര്യമില്ലാത്ത പ്രദേശങ്ങളില്‍ ലോക്സഭയിലും ഈ നീക്കുപോക്കുകള്‍ ആവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

കൊല്‍ക്കത്തയിലെ ഉത്തര്‍ മണ്ഡലത്തില്‍ 1862 പോളിങ് ബൂത്തുകള്‍ ആണ് ആകെയുളള ഉള്ളത്. എന്നാല്‍ 500 ഓളം തിരഞ്ഞെടുപ്പ് ഏജന്‍റുമാരെ ബിജെപിക്ക് ഇവിടെ ഉള്ളൂ. ബാക്കിയുള്ള ബൂത്തുകളില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്‍റെ സഹായം ലഭിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014നെ അപേക്ഷിച്ച് ഹിന്ദി മേഖലയില്‍ നഷ്ടപ്പെടുന്ന സീറ്റുകളുടെ നഷ്ടം ബംഗാളില്‍ നിന്നും തീര്‍ക്കാം എന്നാണ് ബിജെപി പ്രതീക്ഷ. 2011ന് ശേഷം സിപിഎം വോട്ട് ശതമാനം വലിയതോതില്‍ കുറയുകയാണ് ചെയ്തത്. 2014ലെ  തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിൽ മാത്രമാണ് സിപിഎം വിജയിച്ചത്.
2011 ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം 39.6 ശതമാനമായിരുന്നു. ബിജെപിയുടേത് 4.06 ശതമാനവും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍റെ വോട്ടുവിഹിതം 25.6 ശതമാനമായി കുറഞ്ഞു. ബിജെപിയുടെത് 10.28 ശതമാനമായി വര്‍ധിച്ചു.

അതേ സമയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്‍റെയും കോണ്‍ഗ്രസിന്‍റെയും വോട്ടിംഗ് ശതമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. ഇതിനാല്‍ വോട്ടുകളാണ് ബിജെപിയിലേക്ക് പോകുന്നതെന്ന വിലയിരുത്തലുകളാണ് കൂടുതല്‍. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനമായിരുന്നു. ഇടതുപക്ഷത്തിന്റെത് 30 ശതമാനവും.

എന്നാല്‍ ബിജെപിയുമായി പ്രദേശിക സഹകരണം നടത്തിയെന്ന് റിപ്പോര്‍ട്ട് സിപിഎം നിഷേധിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന നുണ പ്രചാരണം ആണ് ഇതെന്നാണ് സംസ്ഥാന സിപിഎം നേതാക്കളുടെ പ്രതികരണം.

click me!