പോളിംഗ് ഉദ്യോ​ഗസ്ഥർ പ്രതികളായ 2014-ലെ കള്ളവോട്ട് കേസ് ഇന്ന് കോടതിയിൽ

Published : May 10, 2019, 07:31 AM ISTUpdated : May 10, 2019, 07:32 AM IST
പോളിംഗ് ഉദ്യോ​ഗസ്ഥർ പ്രതികളായ 2014-ലെ കള്ളവോട്ട് കേസ് ഇന്ന് കോടതിയിൽ

Synopsis

കള്ളവോട്ടിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്നതോടെ ഈ കേസ് കള്ളവോട്ട് അവസാനിപ്പിക്കുന്നതിൽ നിർണായകമാവുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരന്‍. 

കണ്ണൂർ: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രതികളായ കണ്ണൂർ ഏരുവേശി കള്ളവോട്ട് കേസ് ഇന്ന് കോടതിയിൽ. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ഒത്താശ ചെയ്തതിന് പ്രതി ചേർക്കപ്പെട്ട ഉദ്യോഗസ്ഥരെ ഇന്ന് തളിപ്പറമ്പ് കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കും. അതേസമയം കള്ളവോട്ട് ചെയ്ത  സിപിഎം പ്രവർത്തകരെ പ്രതി ചേർക്കാത്തതിനെതിരെ നിയമപോരാട്ടം തുടരാനൊരുങ്ങുകയാണ് പരാതിക്കാരൻ ജോസഫ് കൊട്ടുകാപ്പള്ളി.

പിലാത്തറയിലും പുതിയങ്ങാടിയിലും അടക്കം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതിന് വോട്ടർമാർ പ്രതികളാവുകയും ഉദ്യോഗസ്ഥർ ഒഴിവാവുകയും ചെയ്തിരിക്കെയാണ് ഉദ്യോഗസ്ഥർ മാത്രം പ്രതികളായ 2014ലെ കള്ളവോട്ട് കേസ് വിചാരണക്കെത്തുന്നത്.  പി.കെ. ശ്രീമതിയും കെ. സുധാകരനും മത്സരിച്ച കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതാണ് കേസ്. ഏരുവേശി യു.പി സ്കൂളിൽ 109ആം ബൂത്തിൽ 154 പേരുടെ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. 

തെളിവില്ലെന്ന് കാട്ടി പൊലീസ് പല ഘട്ടത്തിലായി തള്ളിയ  കേസിൽ ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് ഉദ്യോഗസ്ഥർ പ്രതികളായത്.  രേഖകൾ പരിശോധിച്ച കോടതി പട്ടാളത്തില്‍ ജോലി ചെയ്യുന്ന നാലുപേരുടെയും ഗള്‍ഫില്‍ ജോലി ചെയ്യുന്ന 37 പേരുടെയും മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന 17 പേരുടെയും ഉൾപ്പെടെ  58 കള്ളവോട്ടുകള്‍ ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് അന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ  പ്രതിചേര്‍ത്ത് കേസെടുത്തു.  

കള്ളവോട്ടാണെന്ന് ബൂത്തിൽവെച്ച് തിരിച്ചറിയാമായിരുന്നിട്ടും അത് ചെയ്തില്ലെന്നാണ് കുറ്റം. ഒത്താശ ചെയ്ത ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്നതോടെ ഈ കേസ് കള്ളവോട്ട് അവസാനിപ്പിക്കുന്നതിൽ നിർണായകമാവുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരന്‍. അതേസമയം കള്ളവോട്ട് ചെയ്ത വോട്ടർമാരെ പ്രതിചേർക്കാൻ നിയമയുദ്ധം തുടരുകയുമാണ്. എത്ര മാത്രം കഷ്ടപ്പെട്ടാലും എത്ര ബുദ്ധിമുട്ടിയാലും ഈ കേസ് ഞാന്‍ കോടതിയില്‍ തെളിയിക്കും -  പരാതിക്കാരനായ ജോസഫ് കൊട്ടുകാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതായി കാണിച്ച് ബൂത്ത് കമ്മിറ്റികളിൽ നിന്ന് കണക്ക് ശേഖരിച്ച് 199 പേരുടെ തെളിവടക്കം കോൺഗ്രസ് പരാതി നൽകിയിരിക്കെ 2014ലെ കേസിലെ വിചാരണയ്ക്ക് വലിയ പ്രാധാന്യമുണ്ട്. തെരഞ്ഞെടുപ്പ് കേസുകളിൽ നിർണായക സ്വാധീനം ചെലുത്താന്‍ പോന്നതാവും ഈ കേസിലെ നടപടി ക്രമങ്ങൾ.


കേസിൽ പ്രതികളായ ഉദ്യോഗസ്ഥർ

1.        ബി.എല്‍.ഒ ഏരുവേശി സ്വദേശി കെ.വി. അശോക് കുമാർ

2.         പെരളശ്ശേരി മക്രേരി സ്വദേശി വി.കെ. സജീവന്‍

3.        പാനുണ്ട എരുവാട്ടിയിലെ  കെ.വി. സന്തോഷ് കുമാര്‍

4.        ധര്‍മ്മടം സ്വദേശി എ.സി. സുധീപ്

5.        പിണറായി വാരിയമ്പത്ത് സ്വദേശി ഷജനീഷ്
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?