ഓപ്പൺ വോട്ട് വാദം പൊളിഞ്ഞു; കള്ളവോട്ട് കേസിൽ സിപിഎം പ്രതിരോധത്തിൽ

By Web TeamFirst Published Apr 29, 2019, 7:37 PM IST
Highlights

എല്‍ഡിഎഫ് ചെയ്തത് ഓപ്പണ്‍ വോട്ടാണെന്നും യുഡിഎഫാണ് കള്ളവോട്ട് ചെയ്തതെന്നും എല്‍ഡിഎഫ് കള്ളവോട്ട് ചെയ്തുവെന്നത് മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തയാണെന്നുമായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്. 

തിരുവനന്തപുരം: ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷ്യനിലെ (ഇവിഎം) വോട്ട് തിരിമറിയെക്കുറിച്ചായിരുന്നു. എന്നാല്‍ തെര‌ഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ പ്രശ്നത്തിലായിരിക്കുന്നത് സിപിഎമ്മാണ്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ലൈവായി ടെലിക്കാസ്റ്റ് ചെയ്തതാണ് കള്ളവോട്ട് ആരോപണങ്ങള്‍ക്ക് സാധുത നല്‍കിയത്. കള്ളവോട്ടിന് തെളിവായി കോണ്‍ഗ്രസ് പോളിങ്ങ് ബൂത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ അത് ഓപ്പണ്‍വോട്ടെന്ന് പറഞ്ഞ് പ്രതിരോധിക്കുകയായിരുന്നു സിപിഎം. എന്നാല്‍ ഇന്ന് കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണ അസന്നിഗ്ദമായി പറഞ്ഞതോടെ വെട്ടിലായത് സിപിഎമ്മാണ്. 

രണ്ട് മണ്ഡലങ്ങളിലായി 223 മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നെന്നും ഈ മണ്ഡലങ്ങളില്‍ റിപോളിങ്ങ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ ചെറുതാഴം, തളിപ്പറമ്പ്, തുടങ്ങി 110 സ്ഥലങ്ങളിലെ ബൂത്തുകളിലും കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ 113 ബൂത്തുകളിലും കള്ളവോട്ട് നടന്നെന്നും ഇവിടങ്ങളില്‍ റിപ്പോളിങ്ങ് വേണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇവയെല്ലാം തന്നെ പാര്‍ട്ടി ഗ്രാമങ്ങളാണെന്നതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. 

എന്നാല്‍ നടന്നത് കള്ളവോട്ടല്ലെന്നും കോൺഗ്രസ് പുറത്ത് വിട്ട ദൃശ്യങ്ങൾ ഓപ്പൺ വോട്ടിന്‍റെതാണെന്നുമായിരുന്നു ഇടത് വാദം. ഇതെതുടര്‍ന്ന് ഇ പി ജയരാജന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കള്ളവോട്ട് നടന്നുവെന്ന നിഗമനത്തിലെങ്ങനെ എത്തിയെന്നറിയില്ല. എല്‍ഡിഎഫ് ചെയ്തത് ഓപ്പണ്‍ വോട്ടാണെന്നും യുഡിഎഫാണ് കള്ളവോട്ട് ചെയ്തതെന്നും എല്‍ഡിഎഫ് കള്ളവോട്ട് ചെയ്തുവെന്നത് മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തയാണെന്നുമായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാകില്ലെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അവകാശപ്പെട്ടു. സ്വന്തം വോട്ട് ചെയ്ത ഒരാള്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്തൂടെയെന്നും സംഭവം നടന്നത് തന്‍റെ സ്ഥലത്താണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

യുഡിഎഫിന്‍റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കമ്മീഷന്‍ കള്ളവോട്ട് സ്ഥിരീകരിച്ചത്. പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ട്. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്ന് വാര്‍ത്ത സമ്മേളനത്തിൽ  ടിക്കാറാം മീണ സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കള്ളവോട്ട് സ്ഥിരീകരിച്ചതോടെ കാസര്‍കോട്, കണ്ണൂര്‍ ലോകസഭാ മണ്ഡലങ്ങളിലെ മിക്കബൂത്തുകളിലും റീ പോളിങ്ങ് വേണ്ടിവരും. 

ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ഏങ്ങനെ ബാധിക്കുമെന്ന് പറാന്‍ കഴിയില്ല. ഐപിസി നിയമ പ്രകാരവും ജനപ്രാധിനിത്യ നിയമപ്രകാരവും കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കും. ധർമ്മടത്ത് മുഖ്യമന്ത്രിയുടെ നാട്ടിലെ ബൂത്തിലടക്കം കള്ളവോട്ട് നടന്നെന്ന ആരോപണവും സിപിഎമ്മിനെ വരും ദിവസങ്ങളില്‍ വേട്ടയാടും. 110 പോളിങ് ബൂത്തുകളിൽ റീപോളിങ് വേണമെന്നാണ് കാസർകോട് മണ്ഡലത്തിൽ കോൺഗ്രസ് ആവശ്യപ്പെടുന്നത്.  യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റ് വഴിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. കണ്ണൂരിൽ മൊത്തം 103 ബൂത്തുകളിൽ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പരാതികളില്‍ നടപടിയുണ്ടായില്ലെങ്കില്‍ തെളിവുകൾ സഹിതം കോടതിയെ സമീപിക്കാനാണ് യു‍ഡിഎഫിന്‍റെ തീരുമാനം. എന്നാല്‍ യുഡിഎഫാണ് കള്ളവോട്ട് ചെയ്തതെന്നും ഇതിന്‍റെ തെളിവുകള്‍ പുറത്ത് കൊണ്ടുവരുമെന്നുമാണ് സിപിഎം ഇപ്പോള്‍ അവകാശപ്പെടുന്നത്.

കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. എംപി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നൽകി.  എംപി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും കമ്മീഷന്‍ പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം നിരീക്ഷിച്ചു. വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ലായിരുന്നുവെന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്‍റെ വിജയമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ അവകാശപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറാനാണ് സംസ്ഥാന കമ്മീഷന്‍റെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കള്ളവോട്ടിന് സഹായിച്ച എല്‍ഡിഎഫ് ബൂത്ത് ഏജന്‍റിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ടിക്കാറാം മീണ അറിയിച്ചു. 

 

click me!