നാലാം ഘട്ടവും കഴിഞ്ഞു; വിധിയെഴുതിയത് 72 മണ്ഡലങ്ങൾ

By Web TeamFirst Published Apr 29, 2019, 7:20 PM IST
Highlights

ഇലക്ടോണിക് യന്ത്രത്തിലെ തകരാറു മൂലം ബംഗാളിലടക്കം നിരവധി ബൂത്തുകളിൽ ആദ്യമണിക്കൂറുകളിൽ പോളിംഗ് വൈകി. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കു നേർ ഏറ്റുമുട്ടുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും മികച്ച പോളിങ്ങ് രേഖപ്പെടുത്തി 

ദില്ലി: ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലായി നടന്ന നാലാംഘട്ട ലോകസഭ തെര‍ഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. മഹാരാഷ്ട്രയിലും ഒഡിഷയിലും ഇന്നത്തോടെ വോട്ടെടുപ്പ് പൂർത്തിയായി. ഇലക്ടോണിക് യന്ത്രത്തിലെ തകരാറു മൂലം ബംഗാളിലടക്കം നിരവധി ബൂത്തുകളിൽ ആദ്യമണിക്കൂറുകളിൽ പോളിംഗ് വൈകി. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേർ ഏറ്റുമുട്ടുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.

ബംഗാളിലാണ് നാലാം ഘട്ടത്തിലും ഉയര്‍ന്ന പോളിംഗ് നടന്നത്. ജാര്‍ഖണ്ഡിലും ഒഡിഷയിലും മെച്ചപ്പെട്ട പോളിംഗായിരുന്നു. ജമ്മു കശ്മീരിലെ അനന്ത് നാഗിൽ 12 ശതമാനത്തിൽ താഴെ മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഇന്ന് വിധിയെഴുതിയ 72 സീറ്റുകളിൽ 56-ഉം 2014ൽ എൻഡിഎ സഖ്യം നേടിയിരുന്നു. കോൺഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് കിട്ടിയത്. ബാക്കി 14 സീറ്റുകൾ തൃണമൂൽ കോൺഗ്രസിനും ബിജു ജനതാദളിനും ആയിരുന്നു.

എസ്‍പി - ബിഎസ്‍പി സഖ്യം വെല്ലുവിളി ഉയര്‍ത്തുന്ന യുപിയിലിടക്കം മോദി ഫാക്ടറിലാണ് ബിജെപിയുടെ വിജയ പ്രതീക്ഷ. ബംഗാളിലെ അസൻ സോളിൽ ബിജെപി സ്ഥാനാര്‍ഥി ബാബുള്‍ സുപ്രിയോയുടെ വാഹനത്തിനെ നേരെ ആക്രമണമുണ്ടായി. സംസ്ഥാനത്ത് പലയിടത്തും ബിജെപി - തൃണമൂൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റമുട്ടി. കേന്ദ്ര സേനയെ വിന്യസിക്കാത്തിനെ ചൊല്ലിയാണ് അസൻ സോളിൽ ബിജെപി തൃണമൂൽ പ്രവര്‍ത്തര്‍ ഏറ്റമുട്ടിയത്. കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായി ബാബുള്‍ സുപ്രിയോ ബുത്തിനുള്ളിലെത്തി ബഹളം വച്ചു. തൃണമൂലിന്‍റെ പോളിങ് ഏജന്‍റിനോട് കയര്‍ത്തു. തൃണമൂൽ പ്രവര്‍ത്തകര്‍ സുപ്രിയോയുടെ വാഹനം തടഞ്ഞു. കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. 

വോട്ടെടുപ്പ് തടസപ്പെടുത്താൻ ശ്രമിച്ചതിന് ബാബുള്‍ സുപ്രിയെക്കതിരെ കേസെടുക്കാൻ തിരഞ്ഞടുപ്പ് കമ്മിഷൻ നിര്‍ദേശിച്ചു. അക്രമാസക്തരായ ബിജെപി തൃണമൂൽ പ്രവര്‍ത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവിശേണ്ടി വന്നു. ബിര്‍ബും മണ്ഡലത്തിലെ നാലിടത്തും സംഘര്‍ഷമുണ്ടായി. അസൻ സോള്‍ സംഭവത്തിൽ പരാതിയുമായി ബിജെപിയും തൃണമൂലും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ് എസ് അലുവാലിയ, ബാബുൽ സുപ്രിയോ - കോൺഗ്രസിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർഷിദ്, അധിർ രഞ്ജൻ ചൗധുരി എന്നിവർ ഇന്ന് ജനവിധി തേടി.

സിപിഐയുടെ വിദ്യാ‍ർത്ഥി നേതാവായ കനയ്യ കുമാർ മത്സരിക്കുന്ന ബെഗുസരായിലും ഇന്നായിരുന്നു വോട്ടെടുപ്പ്. മുംബൈ നോർത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചലച്ചിത്രതാരം ഊർമിളാ മതോന്ദ്കറിന്‍റെ വിധിയും ഇന്ന് കുറിക്കപ്പെട്ടു. എസ്‍പിയുടെ ഡിംപിൾ യാദവ്, തൃണമൂലിന്‍റെ ശതാബ്ദി റോയ്, കോൺഗ്രസ് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷൻ മിലിന്ദ് ദേവ്‍റ എന്നിവരാണ് ഇന്ന് ജനവിധി തേടിയ മറ്റ് പ്രമുഖർ. 

click me!