
കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സര്‍ക്കാർ നേട്ടങ്ങള്‍ അടങ്ങിയ പിആര്‍ഡി പ്രസിദ്ധീകരണം സിപിഎം കോഴിക്കോട് തിക്കോടിയിലെ വീടുകളില്‍ വിതരണം ചെയ്തു. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്ത്ഥി പി ജയരാജന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ചട്ടലംഘനം നടത്തിയിരിക്കുന്നത്.
നമ്മുടെ സര്‍ക്കാര്‍ 1000 നല്ല ദിനങ്ങള്‍ എന്ന ബുക്ക് ലെറ്റാണ് വടകര മണ്ഡലത്തിലെ വീടുകളില്‍ വിതരണം ചെയ്തത്. സര്‍ക്കാര്‍ ആയിരം ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പിആര്‍ഡി പ്രസിദ്ധീകരിച്ച നേട്ടങ്ങളുടെ പട്ടിക പറയുന്ന ബുക്ക് ലെറ്റാണിത്. എല്‍ഡിഎഫ് സ്ഥാനാര്ത്ഥി പി ജയരാജന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് ഇത് വിതരണം ചെയ്തത്. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നതിന് ഒപ്പമായിരുന്നു വിതരണം.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് ചട്ടം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു വ്യക്തമാക്കി. ഇതിനായി പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും. അതേസമയം ഇക്കാര്യം സിപിഎം നിഷേധിച്ചു. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രത്യേകം നോട്ടീസാണ് നല്‍കുന്നതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.