വടകരയില്‍ ആര്‍എംപി വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിനെന്ന് പി ജയരാജന്‍

By Web TeamFirst Published Apr 24, 2019, 10:21 AM IST
Highlights

കൊലപാതക രാഷ്ടീയം വടകരയിൽ ഫലം കണ്ടിട്ടില്ലെന്നും കൊലപാതകിയായി ചിത്രീകരിച്ചവർക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും ജയരാജന്‍ വ്യക്തമാക്കി. 

കോഴിക്കോട്: വടകരയില്‍ ആര്‍എംപി വോട്ടുകള്‍ സിപിഎമ്മിനാണ് ലഭിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സിപിഎമ്മിനെതിരെ മുരളീധരൻ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പാക്കിയതിനാലാണെന്നും ജയരാജന്‍ പറഞ്ഞു. കൊലപാതക രാഷ്ടീയം വടകരയിൽ ഫലം കണ്ടിട്ടില്ലെന്നും കൊലപാതകിയായി ചിത്രീകരിച്ചവർക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും ജയരാജന്‍ വ്യക്തമാക്കി. 

അതേസമയം പോളിംഗ് ഇത്തവണയും എണ്‍പത് ശതമാനത്തിന് മുകളില്‍ പോയ വടകരയില്‍ ഏറെ പ്രതീക്ഷയാണ് ഇരുമുന്നണികള്‍ക്കും. ഇത്തവണ 82.48 ആണ പോളിംഗ് ശതമാനം. തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തിലാണ് ഇടതിന്‍റെ പ്രതീക്ഷ. കൊലപാതക രാഷ്ട്രീയം ഏശിയിട്ടേ ഇല്ലെന്നും സിപിഎം കരുതുന്നു. ആര്‍എംപി, വെല്‍ഫയര്‍ പാര്‍ട്ടിയടക്കമുള്ളവരുടെ പിന്തുണയേക്കാള്‍ ലോക്‍താന്ത്രിക് ജനാതദളിന്‍റെ വോട്ടുകള്‍ ഗുണം ചെയ്യുമെന്നും സിപിഎം കരുതുന്നു. 

ലീഗ് കേന്ദ്രങ്ങളായ കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നല്ല പ്രതികരണമുണ്ടായെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ആര്‍എംപി വോട്ടുകളും കരുത്തായെന്ന് അവര്‍ വിശ്വസിക്കുന്നുണ്ട്. അതേ സമയം കോലീബി സഖ്യ ആരോപണത്തിനിടെ കിട്ടുന്ന ഓരോ വോട്ടും മുഖം രക്ഷിക്കാനുള്ളതാണെന്നിരിക്കേ ഇക്കുറി നില മെച്ചപ്പെടുമെന്നാണ് എന്‍ഡിഎയുടെ കണക്ക് കൂട്ടല്‍. ഇരുമുന്നണികളും വിജയം അവകാശപ്പെടുമ്പോള്‍ അടിയൊഴുക്കിനെ കുറിച്ചുള്ള ചിത്രം വ്യക്തമല്ല. 


 

click me!