തമിഴ്നാട്ടിൽ കോൺഗ്രസിന് വോട്ട് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി

By Web TeamFirst Published Apr 3, 2019, 6:36 AM IST
Highlights

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വസന്ത കുമാറിന്‍റെ വിജയത്തിനായാണ് സിപിഎം സിപിഐ പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ രാഹുലിന് വോട്ടു ചെയ്യൂ എന്ന അനൗണ്‍സ്മെന്‍റിനൊപ്പം ആവേശത്തോടെ ഇവരും കൈയടിക്കുന്നു.

കന്യാകുമാരി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം പടയൊരുക്കം ശക്തമാക്കുമ്പോള്‍ തമിഴ്നാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്കായാണ് സിപിഎം വോട്ടു തേടുന്നത്. കന്യാകുമാരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എച്ച് വസന്ത കുമാറിന്‍റെ പ്രധാന പ്രചാരകന്‍ സിപിഎം ജില്ലാ സെക്രട്ടറി ആര്‍ ചെല്ലസ്വാമിയാണ്.

എച്ച് വസന്ത്കുമാറിന്‍റെ പ്രചാരണം നാഗര്‍കോവിലിനടുത്തുള്ള  തേങ്ങാപട്ടണത്ത് പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ ഇടത് പാര്‍ട്ടികള്‍ക്ക് കാര്യമായ വേരോട്ടമുളള പ്രദേശം. 2004ല്‍ ഡിഎംകെ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ബല്ലാര്‍മിന്‍ പൊന്‍രാധാകൃഷ്ണനെ ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകള്‍ക്ക് തറ പറ്റിച്ചപ്പോള്‍ ഏറ്റവുമധികം ഭൂരിപക്ഷം നല്‍കിയ മേഖല. 

എന്നാല്‍, ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വസന്ത കുമാറിന്‍റെ വിജയത്തിനായാണ് സിപിഎം സിപിഐ പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ രാഹുലിന് വോട്ടു ചെയ്യൂ എന്ന അനൗണ്‍സ്മെന്‍റിനൊപ്പം ആവേശത്തോടെ ഇവരും കൈയടിക്കുന്നു.

നയങ്ങളില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും മോദിയെ താഴെയിറക്കാനായി ഒരുമിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇവിടുത്തെ ഐക്യത്തിന് വിളളല്‍ വീഴ്ത്തില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം, രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ അവസരവാദ രാഷ്ട്രീയമെന്ന ആരോപണം ഉന്നയിക്കുകയാണ് ബിജെപി.

2014ല്‍ ഡിഎംകെയും കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കൊറ്റയ്ക്ക് മത്സരിച്ചതായിരുന്നു തമിഴ്നാട്ടില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ വഴിയൊരുക്കിയത്. തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് 11 പാര്‍ട്ടികളുടെ വിശാല സഖ്യമാണ് ഇക്കുറി രൂപീകരിച്ചത്. മധുര, കോയമ്പത്തൂര്‍ സീറ്റുകളിലാണ് സിപിഎം മല്‍സരിക്കുന്നത്.

click me!