
ലഖ്നൗ: ആർ ജെ ഡി സ്ഥാനാർത്ഥിപ്പട്ടികയിൽ തന്റെ നിർദ്ദേശ പ്രകാരമുള്ള രണ്ട് പേരെ ഉൾപ്പെടുത്താൻ തേജസ്വി യാദവിന് രണ്ട് ദിവസത്തെ സമയം നൽകുന്നുവെന്ന് തേജ് പ്രതാപ് യാദവ്. ഈ വിഷയത്തിൽ ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ താൻ സ്വയം തീരുമാനമെടുക്കുമെന്നും തേജ് പ്രതാപ് മുന്നറിയിപ്പ് നൽകി. ഷെയോഹറിലും ജഹാനാബാദിലും പാർട്ടി സ്ഥാനാർത്ഥികളായി താൻ നിർദ്ദേശിക്കുന്നവർ മത്സരിക്കണമെന്നാണ് തേജ് പ്രതാപ് യാദവിന്റെ ആവശ്യം. മാധ്യമങ്ങളോട് സംസാരിക്കവേയാണ് തേജ്പ്രതാപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തേജ് പ്രതാപിന്റെ പ്രവർത്തകർക്ക് ആർജെഡി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് തേജ്പ്രതാപ് യാദവും തേജസ്വി യാദവും തമ്മിലുള്ള പ്രതിസന്ധി ആരംഭിച്ചത്. തേജ്പ്രതാപ് പാർട്ടി വിട്ടു പോകുകയും പാർട്ടിയുടെ യുവജന വിഭാഗം ഉപദേശക സ്ഥാനം രാജി വയ്ക്കുകയും ചെയ്തു. എന്തായാലും തേജസ്വി യാദവിന് അന്ത്യശാസനം നൽകി കാത്തിരിക്കുകയാണ് തേജ്പ്രതാപ് യാദവ്.