എം.കെ.​രാഘവനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

By Web TeamFirst Published Apr 6, 2019, 8:56 AM IST
Highlights

എം കെ രാഘവനെതിരെ ഉണ്ടായത് തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു വരുന്ന വില കുറഞ്ഞ ആരോപണങ്ങളായി കണ്ട് അവഗണിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.

കോഴിക്കോട്: എംകെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫ് കോഴിക്കോട് പാർലമെന്‍റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ് ആണ് പരാതി നൽകിയത്. 

എം കെ രാഘവൻ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും രാഘവന്‍റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കള്ളപ്പണ ഇടപാടടക്കം എല്ലാം അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

2014 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവൻ തെരഞ്ഞെടുപ്പ് ചെലവായി രാഘവൻ കമ്മീഷന് മുന്പാകെ കാണിച്ചത്. എന്നാൽ സ്വാകര്യ ചാനൽ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു

അതേസമയം എം കെ രാഘവനെതിരെ ഉണ്ടായത് തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു വരുന്ന വില കുറഞ്ഞ ആരോപണങ്ങളായി കണ്ട് അവഗണിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ യുഡിഎഫ് തീരുമാനിച്ചിട്ടില്ല. എം രാഘവനെ മണ്ഡലത്തിലെ ജനങ്ങൾക്കറിയാമെന്നും വ്യാജ ആരോപണം ജനങ്ങൾ തള്ളിക്കളയുമെന്നും ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖ് പറഞ്ഞു.

click me!