രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം: നിലപാട് കടുപ്പിച്ച് സിപിഎം

By Web TeamFirst Published Mar 25, 2019, 11:20 AM IST
Highlights

മതേതര ബദലിന്‍റെ നേതൃത്വം കോൺഗ്രസിന് നല്കുന്നത് പുനപരിശോധിക്കുമെന്ന് സിപിഎം വ്യക്തമാക്കി. കോൺഗ്രസിനെ ഒഴിവാക്കിയുള്ള മതേതര ബദൽ ആലോചിക്കുമെന്നും സിപിഎം 

തിരുവനന്തപുരം:രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. കോൺഗ്രസിനെ ഒഴിവാക്കിയുള്ള മതേതര ബദൽ എന്ന നയത്തിലേക്ക് മാറേണ്ടി വരുമെന്നാണ് സിപിഎമ്മിൻറെ മുന്നറിയിപ്പ്. കോൺഗ്രസ് ബിജെപിക്കായി കളം ഒഴിഞ്ഞുകൊടുക്കുന്നു എന്നാണ് പാർട്ടി വിമർശനം. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന് രാഷ്ട്രീയമാനമുണ്ടെന്ന് ഇന്നലെ വ്യക്തമാക്കിയ സിപിഎം അടുത്ത നീക്കത്തിലേക്ക് കടക്കുകയാണ്. 

ബിജെപിസർക്കാരിനെ പുറത്താക്കുക. ഇടതുപക്ഷത്തിൻറെ ശക്തി പാർലമെൻറിൽ കൂട്ടുക, മതേതരബദൽ സർക്കാർ രൂപീകരിക്കുക. ഇതായിരുന്നു തെരഞ്ഞെടുപ്പിൽ സിപിഎം മുന്നോട്ടുവച്ച മൂന്നു മുദ്രാവാക്യം. മതേതര ബദൽ സർക്കാരിന് കോൺഗ്രസ് നേതൃത്വം നല്കട്ടെ എന്നതാണ് സിപിഎം നയം. മാത്രമല്ല പശ്ചിമബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിനു പോലും കേന്ദ്രകമ്മിറ്റി അംഗീകാരം നല്കി. എന്നാൽ രാഹുൽ വയനാട്ടിൽ എത്തുന്നതോടെ ഈ നയം മാറ്റേണ്ടി വരുമെന്ന് സിപിഎം വ്യക്തമാക്കുന്നു. 

കോൺഗ്രസിനെ മാറ്റി നിറുത്തിയുള്ള മതേരത ബദൽ ആലോചിക്കേണ്ടി വരും. ബിജെപിയെ വടക്കേ ഇന്ത്യയിൽ നേരിടാൻ കെല്പില്ലാതെ കളം ഒഴിയുന്നതിൻറെ സൂചനയാണിത്. ബിഎസ്പിയും എസ്പിയും ടിആർഎസും ടിഡിപിയും ഒക്കെ ഉൾപ്പെട്ട ഒരു മുന്നണി എന്ന ആശയത്തിലേക്ക് സിപിഎമ്മിന് മാറേണ്ടി വരും എന്നും നേതാക്കൾ സൂചിപ്പിക്കുന്നു. 

രാഹുലിനെതിരെയുള്ള ഇടത് സ്ഥാനാർത്ഥി വിജയിച്ചാൽ താൻ തോല്പിച്ച വ്യക്തിയെ പ്രധാനമന്ത്രിയാക്കാൻ എങ്ങനെ വോട്ടു ചെയ്യും. തെക്കേ ഇന്ത്യയിലും മത്സരിക്കാനാണ് തീരുമാനമെങ്കിൽ ബിജെപിക്ക് ശക്തിയുള്ള തിരുവനന്തപുരം എന്തു കൊണ്ട് തെരഞ്ഞെടുക്കുന്നില്ലെന്നും ഇടതുനേതാക്കൾ ചോദിക്കുന്നു. പശ്ചിമബംഗാളിൽ നീക്കുപോക്കിനുള്ള ശ്രമം തകർന്നത് കോൺഗ്രസ് നേതൃത്വത്തിൻറെ പിടിപ്പു കേടുകൊണ്ടാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ഭിന്നതയ്ക്കൊടുവിലാണ് കോൺഗ്രസിനോട് മൃദുസമീപനം പുല‍ർത്തുന്ന നയം സിപിഎം അംഗീകരിച്ചത്. അതിനാൽ രാഹുലിൻറെ തീരുമാനം സിപിഎമ്മിലെ ഉൾപാർട്ടി ത‍ർക്കങ്ങളിലും പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 

click me!