ട്വിറ്ററിൽ ആളെക്കൂട്ടാൻ മോദി പൊടിക്കൈ പ്രയോഗിച്ചു: പഠന റിപ്പോർട്ട്

By Web TeamFirst Published Mar 25, 2019, 10:43 AM IST
Highlights

യുഎസ്സിലെ മിഷി​ഗൺ  സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ജിയോജിത്പാൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. 
 

ദില്ലി: സമൂഹമാധ്യമമായ  ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശസ്തരുടെ കൂട്ടു പിടിച്ചതായി പഠനറിപ്പോർട്ട്. 2009 ലാണ് മോദി ട്വിറ്ററിലെത്തുന്നത്. ഇപ്പോൾ 4.6 കോടി ആളുകൾ മോദിയെ ട്വിറ്ററിൽ പിന്തുടരുന്നുണ്ട്. യുഎസ്സിലെ മിഷി​ഗൺ  സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ജിയോജിത്പാൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. 

2009 ഫെബ്രുവരി മുതൽ 2015 ഒക്ടോബർ വരെയുള്ള മോദിയുടെ ഒൻപതിനായിരത്തിലധികം ട്വീറ്റുകളാണ് ജിയോജിത് പാൽ പഠന വിധേയമാക്കിയിട്ടുള്ളത്. അതുപോലെ തന്നെ തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പിന് ശേഷവുമുള്ള പ്രമുഖരുമായുള്ള മോദിയുടെ ഇടപെടലുകളും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. വളരെ കുറച്ച് ഫോളേവേഴ്സാണ് 2009 ൽ അദ്ദേഹത്തിന് ട്വിറ്ററിലുണ്ടായിരുന്നത്. 2012 ഒക്ടോബറിൽ ഒരു മില്യൺ ഫോളേവേഴ്സിനെ ലഭിച്ചു. മോദിയുടെ ട്വിറ്റർ ഉപയോ​ഗത്തെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ജിയോജിത് പാൽ വിഭജിച്ചിരിക്കുന്നത്. 

ആദ്യഘട്ടത്തിൽ ജനപിന്തുണയുള്ള ദേശീയ നേതാവിന്റെ പ്രതിച്ഛായ ആണ് ഉണ്ടായിരുന്നതെങ്കിൽ രണ്ടാം ഘട്ടത്തിൽ പ്രമുഖരായവരെ മോദി തന്റെ ട്വീറ്റുകളിൽ ഉൾപ്പെടുത്തി. അതിൽ ശ്രീ ശ്രീ രവിശങ്കർ, അമിതാഭ് ബച്ചൻ, സച്ചിൻ ടെൻഡുൽക്കർ എന്നിവർ ഉൾപ്പെട്ടിരുന്നു. രണ്ടാം ഘട്ടത്തിൽ തനിക്ക് താരപിന്തുണയുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു മോദിയുടെ ശ്രമം. അതിനായി താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റിലുൾപ്പെടുത്തി. മൂന്നാം ഘട്ടത്തിൽ‌ തന്റെ സർക്കാർ പദ്ധതികളിൽ താരങ്ങളെ ഉൾപ്പെടുത്താനാണ് മോദി പ്രാധാന്യം നൽകിയത്. എന്നാൽ മോദി പരാമർശിച്ച താരങ്ങളാരും തന്നെ അദ്ദേഹത്തിന് രാഷ്ട്രീയമായി പിന്തുണച്ചവരായിരുന്നില്ല എന്നും പഠനറിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. 


 

click me!