സഖാവ് വള്ളി നിക്കറുമിട്ട് അജന്തയിൽ ആദിപാപം കണ്ട് നടന്നപ്പോൾ നീലകണ്ഠൻ കമ്മ്യൂണിസ്റ്റ് ആയതാണ്: സിആർ നീലകണ്ഠൻ

By Web TeamFirst Published May 7, 2019, 9:10 PM IST
Highlights

"താങ്കളെ പോലെ ഇവിടെ ഇൗ ഫെയ്സ്ബുക്കിൽ കിടന്നു ചിലച്ചയ്ക്കുന്നതല്ല, അടിയന്തരാവസ്ഥ കാലത്ത് മുദ്രാവാക്യം വിളിച്ചു ജയിലിൽ കിടന്നതാണ് എന്റെ വിപ്ലവം"

കൊച്ചി: ദേശീയ പാതാ വികസന വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പേരിൽ വിമർശനം ഏറ്റുവാങ്ങിയ സിആർ നീലകണ്ഠൻ മറുപടിയുമായി രംഗത്ത്. ദേശീയ പാതാ വികസനം അട്ടിമറിച്ചത് ബിജെപിയല്ല മറിച്ച് പിണറായി വിജയനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ ഇതിന് പിന്നാലെ സിപിഎം പ്രവർത്തകരും നേതാക്കളും നീലകണ്ഠനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. "എന്നെ സംഘിയാക്കാൻ മുട്ടി നിൽക്കുന്ന സഖാക്കൻമാരോട് ഒരു വാക്ക്" എന്ന് തുടങ്ങുന്ന കുറിപ്പിൽ തന്റെ സമരചരിത്രമാണ് സിആർ നീലകണ്ഠൻ പറയുന്നത്.

"സഖാവ് വള്ളി നിക്കറുമിട്ട് അജന്തയിൽ ആദിപാപം കണ്ട് നടന്നപ്പോൾ നീലകണ്ഠൻ കമ്മ്യൂണിസ്റ്റ് ആയതാണ്" എന്നാണ് കുറിപ്പിലെ മറ്റൊരു വാക്യം. "അടിയന്തരാവസ്ഥ കാലത്ത് മുദ്രാവാക്യം വിളിച്ചു ജയിലിൽ കിടന്നതാണ് എന്റെ വിപ്ലവം" എന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങിനെ

എന്നെ സംഘിയാക്കാൻ മുട്ടി നിൽക്കുന്ന സഖാക്കൻമാരോട് ഒരു വാക്ക്

സഖാവ് വള്ളി നിക്കറുമിട്ട് അജന്തയിൽ ആദിപാപം കണ്ട് നടന്നപ്പോൾ നീലകണ്ഠൻ കമ്മ്യൂണിസ്റ്റ് ആയതാണ്.. താങ്കളെ പോലെ ഇവിടെ ഇൗ ഫെയ്സ്ബുക്കിൽ കിടന്നു ചിലച്ചയ്ക്കുന്നതല്ല, അടിയന്തരാവസ്ഥ കാലത്ത് മുദ്രാവാക്യം വിളിച്ചു ജയിലിൽ കിടന്നതാണ് എന്റെ വിപ്ലവം.

അത് കൊണ്ട് സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കണ്ടാ.. ഞാൻ ഇവിടെ തന്നെ കാണും നിങ്ങൾ വികസനത്തിന്റെ പേരിൽ അടിച്ചമർത്താൻ നോക്കുന്ന ജനങ്ങൾക്കൊപ്പം, അവരുടെ മുന്നിൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയി, ആം ആദ്മിയായി.

കേരളത്തിൽ ദേശീയ പാതാ വികസനം തടസ്സപ്പെടുത്തിയത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയല്ല എന്നായിരുന്നു സിആർ നീലകണ്ഠന്റെ പ്രതികരണം. താനടക്കമുള്ള ദേശീയ പാതാ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്.

click me!