ശശി തരൂരിന്‍റെ പ്രചാരണത്തിലെ മെല്ലെപ്പോക്ക്; തലവേദന തീരാതെ തലസ്ഥാനത്തെ കോൺഗ്രസ് ഘടകം

By Web TeamFirst Published Apr 11, 2019, 8:45 AM IST
Highlights

ശശി തരൂരിന്‍റെ പ്രചാരണത്തിലെ മെല്ലെപ്പോക്ക് തലസ്ഥാനത്തെ കോൺഗ്രസിൽ തലവേദനയാകുന്നു. വി എസ് ശിവകുമാറിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് ഐഎൻടുയിസി നേതാവ് കല്ലിയൂർ മുരളി ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. വ്യക്തിഹത്യക്കെതിരെ വി എസ് ശിവകുമാർ ഡിജിപിക്ക് പരാതി നൽകി.

തിരുവനന്തപുരം: ശശി തരൂരിന്‍റെ പ്രചാരണത്തിലെ മെല്ലെപ്പോക്കാണ് തലസ്ഥാനത്തെ കോൺഗ്രസ്സിലെ ഇപ്പോഴത്തെ വിവാദവിഷയം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതാക്കൾ സജീവമല്ലെന്ന് കാണിച്ച് തരൂർ ക്യാമ്പ് നൽകിയ പരാതിയെ തുടർന്ന് ജില്ലയിലെ നേതാകൾക്ക് കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു. മെല്ലെപ്പോക്കിന് പിന്നിൽ വിഎസ് ശിവകുമാർ എംഎൽഎയാണെന്ന് മട്ടിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായിരുന്നു. ഇത് നിഷേധിച്ച വി എസ് ശിവകുമാർ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി.

വ്യക്തിഹത്യക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് വി എസ് ശിവകുമാർ പ്രസ്താവനയിൽ പറഞ്ഞു. തനിക്കെതിരായ പ്രചാരണം ബിജെപിയെ സഹായിക്കാനാണെന്നാണ് ശിവകുമാർ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നത്. എന്നാൽ ക്യാമറക്ക് മുന്നിൽ പ്രതികരിക്കാൻ ശിവകുമാർ തയ്യാറായില്ല. ഇതിനിടെ ശിവകുമാറിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് ഐഎൻടിയുസി നേതാവ് കല്ലിയൂർ മുരളി ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. കല്ലിയൂർ മുരളിയുടെ വീടിന്‍റെ മതിലിൽ വരച്ച കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചുചേർക്കുകയും ചെയ്തു. ശിവകുമാർ അടക്കമുള്ള നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും ഇനി കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്നും കല്ലിയൂർ മുരളി പറഞ്ഞു.

എന്നാൽ ഡിസിസി പുനഃസംഘടനയിൽ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂർ മുരളിക്കെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്‍റെ മറുപടി. മുരളിയുടെ പാർട്ടിമാറ്റത്തിന് തരൂരിന്‍റെ പ്രചാരണവുമായി ബന്ധമില്ലെന്നും കോൺഗ്രസ് വിശദീകരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ ശിവകുമാറിന്‍റെ ജയവും നേമത്ത് ഒ രാജഗോപാലിന്‍റെ  ജയവും കോൺഗ്രസ്-ബിജെപി ഒത്ത് തീർപ്പിന്‍റെ ഭാഗമാണെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നെങ്കിലും ശിവകുമാർ ഇത് പലതവണ തള്ളിക്കളഞ്ഞിരുന്നു. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വി എസ് ശിവകുമാറിനെതിരെ വീണ്ടും ഒത്തുതീർപ്പ് ആരോപണം ഉയർത്തുകയാണ്.

Also read: പ്രചാരണത്തിലെ മെല്ലെപ്പോക്ക്: തരൂർ തോറ്റാൽ പാർട്ടിയിലെ സ്ഥാനങ്ങൾ തെറിപ്പിക്കും, ജില്ലാ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി

click me!