കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

By Web TeamFirst Published Apr 11, 2019, 8:01 AM IST
Highlights

കലാപശ്രമം അടക്കം എട്ട് ക്രിമിനൽ കേസുകൾ പ്രകാശ് ബാബുവിന്‍റെ പേരിലുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്തും പ്രകാശ് ബാബു ജയിലിലായിരുന്നു. സ്ഥാനാർത്ഥി ജയിലിൽ ആയതുകൊണ്ട് ബിജെപി പ്രവർത്തകരാണ് മണ്ഡലത്തിൽ പ്രകാശ് ബാബുവിന് വേണ്ടി പ്രചാരണം നടത്തുന്നത്.

കൊച്ചി: ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സന്നിധാനം പൊലീസ് സ്റ്റേഷനിലാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് പ്രകാശ് ബാബുവിനെ റിമാൻഡ് ചെയ്തത്.

ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ സന്നിധാനം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ 16 ആം പ്രതിയാണ് പ്രകാശ് ബാബു. കൊട്ടാക്കര സബ് ജയിലിൽ കഴിയുന്ന പ്രകാശ് ബാബു കോടതി അനുമതിയോടെ ജയലിൽ കിടന്നാണ് കോഴിക്കോട്ടെ സ്ഥാനാർത്ഥിയായി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്.  ഇതേ കേസിൽ 13 ആം പ്രതിയായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിന്‍റെ പകർപ്പും പ്രകാശ് ബാബു ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 

ശബരിമല സമരവുമായി ബന്ധപ്പെട്ട് എട്ട് കേസുകൾ പ്രകാശ് ബാബുവിന്‍റെ പേരിലുണ്ട്. കലാപശ്രമം, ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനങ്ങൾ തകർത്തു തുടങ്ങിയ കേസുകളിലും ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്തും പ്രകാശ് ബാബു ജയിലിലായിരുന്നു. സ്ഥാനാർത്ഥി ജയിലിൽ ആയതുകൊണ്ട് ബിജെപി പ്രവർത്തകരാണ് മണ്ഡലത്തിൽ പ്രകാശ് ബാബുവിന് വേണ്ടി പ്രചാരണം നടത്തുന്നത്. 

click me!