'പരാതി കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടു ചോറ് വാരിച്ച പോലെ', രമ്യ ഹരിദാസിനെതിരെ ആന്‍റണി രാജു

By Web TeamFirst Published Apr 2, 2019, 9:12 PM IST
Highlights

പരാജയഭീതി ഉയർന്നപ്പോൾ രമ്യ ഹരിദാസിനെക്കൊണ്ട് കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിച്ച പോലെ കോൺഗ്രസ് പ്രവർത്തകർ പരാതി കൊടുപ്പിച്ചെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്‍റണി രാജു ന്യൂസ് അവറിൽ.

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് നൽകിയ പരാതി പരാജയഭീതി മൂലമെന്ന് ഇപ്പോൾ ഇടതു മുന്നണിയുടെ ഭാഗമായ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്‍റണി രാജു. 'കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിച്ചത് പോലെ'യാണ് ചില കോൺഗ്രസ് നേതാക്കൾ രമ്യയെക്കൊണ്ട് പരാതി കൊടുപ്പിച്ചതെന്നും ആന്‍റണി രാജു ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവറി'ൽ പറഞ്ഞു. 

''കഴിഞ്ഞ നിരവധി വർഷങ്ങളായി മാന്യതയോടെ രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് എ വിജയരാഘവൻ, അപഖ്യാതി പരത്തുന്ന ഒരു പരാമർശമല്ല വിജയരാഘവൻ നടത്തിയത്. അത്തരം ഒരു വാക്ക് പോലും വിജയരാഘവൻ നടത്തിയ പരാമർശത്തിലില്ല. വിജയരാഘവൻ പറഞ്ഞതിൽ അശ്ലീലമുണ്ടെന്ന് പറയുന്നവരോട് എനിക്ക് സഹതാപം മാത്രമേയുള്ളൂ. ഇതിലെവിടെ അശ്ലീലം? ഇതിലെവിടെ ദ്വയാർത്ഥപ്രയോഗം?'', എന്ന് ആന്‍റണി രാജു. 

വിജയരാഘവന്‍റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും ആന്‍റണി രാജു ആരോപിക്കുന്നു. ''പി കെ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയാൽ പ്രശ്നമുണ്ടെന്ന് തോന്നുന്നത് കോൺഗ്രസ്സുകാർക്ക് തന്നെയാണ്. കുഞ്ഞാലിക്കുട്ടിയെ പോയി കണ്ടാൽ എന്താകുമോ എന്തോ എന്ന് ചോദിച്ചാൽ പ്രശ്നമെന്താണ്? അതിൽ പ്രശ്നമുണ്ടെന്ന് തോന്നുന്നത് കോൺഗ്രസ്സുകാർക്ക് തന്നെയാണ്. മഞ്ഞക്കണ്ണട വച്ച് നോക്കുന്നവർക്ക് മുഴുവൻ മഞ്ഞയാണെന്നാണ് തോന്നുക.'' എന്ന് ആന്‍റണി രാജു.

''ഇതിൽ രാഷ്ട്രീയഗൂഢാലോചനയുണ്ട്. ഈ പരാതിയ്ക്ക് പിന്നിൽ പരാജയഭീതിയാണ്. രമ്യാ ഹരിദാസിനെക്കൊണ്ട് ചില കോൺഗ്രസ് നേതാക്കൾ പരാതി കൊടുപ്പിക്കുകയാണ്. ഇത് 'കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നത്' പോലെയല്ലേ?'', എന്നാണ് ആന്‍റണി രാജു ചോദിച്ചത്. 

താൻ നടത്തിയ പരാമർശത്തിന്‍റെ പേരിൽ മാപ്പ് പറയില്ലെന്ന എ വിജയരാഘവന്‍റെ നിലപാടിന് പിന്നാലെ വീണ്ടും രമ്യാ ഹരിദാസിനെതിരായ പ്രസ്താവനകളുമായി കൂടുതൽ ഇടത് മുന്നണി നേതാക്കൾ രംഗത്തു വരികയാണ്. 

ന്യൂസ് അവർ വീഡിയോ കാണാം:

click me!